GLOBAL

ഉംറ തീര്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര് മരിച്ചു;രണ്ട് ഇന്ത്യക്കാര് ഉൾപടെ 29 പേര്ക്ക് പരിക്കേറ്റു.

ഉംറ നിര്വഹിക്കാന് മക്കയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തില്പ്പെട്ടത്

മനാമ:സൗദിയിലെ അസീര് ചുരത്തില് ഉംറ തീര്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച്‌ 20 പേര് മരിച്ചു. രണ്ട് ഇന്ത്യക്കാര് ഉള്പ്പെടെ 29 പേര്ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച വൈകീട്ട് അസീര് ഗവര്ണറേറ്റിലെ അഖാബ ഷാര് ചുരത്തിലാണ് ദുരന്തം ഉണ്ടായത്. ഉംറ നിര്വഹിക്കാന് മക്കയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തില്പ്പെട്ടത്. ബ്രേക്ക് തകരാറിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയില് ഇടിച്ച്‌ താഴ്ചയിലേക്ക് മറിയുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്ട്ടുകള്.

ജിദ്ദയിലേക്കുള്ള വഴിയില് അബഹക്കും മുഹായിലിനും ഇടയിലാണ് അഖാബ ഷാര്. അസീര് പ്രവിശ്യയെയും അബഹ നഗരത്തെയും ബന്ധിപ്പിക്കുന്ന റോഡാണത്.

അബഹയില് ഏഷ്യക്കാര് നടത്തുന്ന ഒരു ഉംറ ഏജന്സിക്ക് കീഴില് തീര്ഥാടനത്തിന് പുറപ്പെട്ട 47 തീര്ഥാകരാണ് ബസില് ഉണ്ടായിരുന്നതെന്നറിയുന്നു. ഇതില് ഭൂരിഭാഗവും ബംഗ്ലാദേശ് സ്വദേശികളാണെന്നും റിപ്പോര്ട്ടുണ്ട്.

മരിച്ചവര് എല്ലാം ഏഷ്യക്കാര് എന്നാണ് വിവരം. 21 പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുണ്ട്. മരണ സംഖ്യ ഉയര്ന്നേക്കും. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില് ഇന്ത്യക്കാര് ഉണ്ടോയെന്ന് വ്യക്തമല്ല.

പരിക്കേറ്റവരില് മുഹമ്മദ് ബിലാല്, റാസാ ഖാന് എന്നിങ്ങനെ രണ്ടു ഇന്ത്യാക്കാര് ഉണ്ട്. ഇതില് ഒരാളുടെ നില ഗുരുതരം. ഇവര് ഏത് സംസ്ഥാനത്തുനിന്നുള്ളവരാണെന്ന് വ്യക്തമല്ല.

പരിക്കേറ്റവരെ മുഹായില് ജനറല് ആശുപത്രി, അബഹയിലെ അസീര് ആശുപത്രി, സൗദി ജര്മന് ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി എന്നിവിടങ്ങളില് പ്രവേശിപ്പിച്ചു. പരിക്കേറ്റവരില് 15 പേര് ബംഗ്ലാദേശുകാരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button