KERALA

വാഹനത്തിനു മുന്നില്‍ ചാടിവീണുള്ള വാഹനപരിശോധന നിർത്തലാക്കും; ഇനി അങ്ങോട്ട് ഡിജിറ്റൽ പരിശോധന

1.86 കോടി ചെലവില്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ട്രാഫിക് പരിശോധനാ സംവിധാനം (മൊബൈല്‍ ആപ്ളിക്കേഷന്‍) കര്‍ശനമായി നടപ്പാക്കും.

തിരുവനന്തപുരം: വളവുകളില്‍ മറഞ്ഞു നിന്ന് വാഹനത്തിനു മുന്നില്‍ ചാടിവീണുള്ള വാഹനപരിശോധന നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം.നാലു വര്‍ഷം മുന്‍പ് ലോകബാങ്ക് സഹായത്തോടെ 1.86 കോടി ചെലവില്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ട്രാഫിക് പരിശോധനാ സംവിധാനം (മൊബൈല്‍ ആപ്ളിക്കേഷന്‍) കര്‍ശനമായി നടപ്പാക്കും. പ്രാകൃത രീതി ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കൈമടക്ക് വാങ്ങി ശീലിച്ചവരാണ് ഡിജിറ്റല്‍ പരിശോധനയോട് മുഖംതിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിഗമനം.

ബൈക്കില്‍ വീട്ടിലേക്ക് പോകവേ ഇടവഴിയില്‍ വച്ച്‌ എസ്.ഐയുടെ മര്‍ദ്ദനത്തിനിരയായി തൃപ്പൂണിത്തുറ സ്വദേശി മനോഹരന്‍ ദാരുണമായി മരണപ്പെട്ടതാണ് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചത്. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയുള്ള പിഴയിടലിന്റെയും ട്രാഫിക് പരിശോധനയുടെയും വിവരങ്ങള്‍ പൊലീസ് മേധാവിയോട് അടിയന്തരമായി തേടും. ഡിജിറ്റല്‍ പരിശോധന എത്രത്തോളം കാര്യക്ഷമമാണെന്ന് പഠിക്കും. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവും ഉടന്‍ പുറപ്പെടുവിക്കും.

ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നാലുവര്‍ഷം മുന്‍പ് പൊലീസുകാരുടെ മൊബൈലില്‍ അത്യാധുനിക ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിയമലംഘനം കണ്ടെത്തി പിഴയിടുന്ന സംവിധാനമൊരുക്കിയത്അമിതവേഗത, അപകടകരമായ ഡ്രൈവിംഗ്, തെറ്റായ ഓവര്‍ടേക്കിംഗ്, ചുവപ്പ്സിഗ്നല്‍, മഞ്ഞവര മറികടക്കല്‍, വണ്‍വേ ലംഘനം, തെറ്റായ പാര്‍ക്കിംഗ് എന്നിവ ഇതിലൂടെ കണ്ടെത്താം. തിരുവനന്തപുരത്താണ് കണ്‍ട്രോള്‍ റൂം.

പരിശോധനയുടെയും പെറ്റിയുടെയും പേരില്‍ ജനങ്ങളെ റോഡില്‍ തടയുന്നതും പിന്തുടരുന്നതും ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
പെറ്റിക്കേസ് തയ്യാറാക്കല്‍, നോട്ടീസെഴുതല്‍, പിഴയീടാക്കല്‍, രജിസ്റ്ററുണ്ടാക്കല്‍, സമന്‍സ് അയയ്ക്കല്‍ എന്നിവയ്ക്കു വേണ്ട 2000 പൊലീസുകാരെയും കുറയ്ക്കാമായിരുന്നു.

നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തോളം കാമറകളും ഇതിനൊപ്പം സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഓട്ടോമാറ്റിക്കായി നമ്ബര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും ഹെല്‍മറ്റില്ലാത്തവരെയും സിഗ്നല്‍ അവഗണിക്കുന്നവരെയും തിരിച്ചറിയാനും കാമറകള്‍ക്കാവും. ഇവ ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാക്കും.

ഡിജിറ്റല്‍ പരിശോധന

  • പൊലീസുകാരുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനില്‍ നിയമലംഘനങ്ങളുടെ ചിത്രമെടുത്ത് അത് സഹിതം ഉടമയുടെ വിലാസത്തില്‍ പിഴ നോട്ടീസയയ്ക്കും
  • ഓണ്‍ലൈനായോ അക്ഷയയിലോ 15 ദിവസത്തിനകം പിഴയടയ്ക്കാം. കൃത്രിമം കാട്ടാനാവില്ല. മറ്റൊരു ചിത്രമെടുത്ത് ആപ്ലിക്കേഷനില്‍ അയയ്ക്കാനോ എഡിറ്റ് ചെയ്യാനോ സാധിക്കില്ല
  • നടുറോഡില്‍ തടഞ്ഞപ്പോള്‍ കൊല്ലത്ത് സ്കൂട്ടര്‍ യാത്രികന്‍ ലോറിക്കടിയില്‍പെട്ട് മരിച്ചത് 2021ല്‍
  • 2003ല്‍ കാട്ടാക്കട കിള്ളിയില്‍ ബൈക്ക് യാത്രക്കാരനെ അടിച്ചുവീഴ്ത്തിയത് പ്രക്ഷോഭത്തില്‍ കലാശിച്ചു.
  • തിരുവനന്തപുരം കാഞ്ഞിരംകുളത്ത് പൊലീസ് ഹാന്‍ഡിലില്‍ പിടിച്ചപ്പോള്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
  • കോഴിക്കോട് പന്നിയങ്കരയില്‍ പിറകില്‍ നിന്ന് അടിച്ചപ്പോള്‍ രണ്ടു ബൈക്ക് യാത്രികര്‍ ബസിനടിയില്‍പെട്ട് മരിച്ചു.
  • ബാലരാമപുരത്ത് മൂന്നു വയസുകാരിയെ വാഹന പരിശോധനയ്ക്കിടെ ഏറെ നേരം കാറില്‍ പൂട്ടിയിട്ടു.

ഹൈക്കോടതി നിര്‍ദ്ദേശം

  • വാഹന പരിശോധനയ്‌ക്ക് ഡിജിറ്റല്‍ സംവിധാനം വേണം.
  • മുന്‍കൂട്ടി അറിയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം പരിശോധന.
  • സുരക്ഷാ ശീലങ്ങള്‍ പഠിപ്പിക്കുകയായിരിക്കണം ലക്ഷ്യം.
  • വാഹനം നിറുത്തിക്കാന്‍ ചാടി വീഴരുത്, പിറകേ ഓടരുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button