കടമറ്റം പള്ളിയുടെ പാതാള കിണറിൽ ചാടിയ യുവാവ് മരിച്ചു




കടമറ്റം സെൻറ് ജോർജ് വലിയപള്ളിയുടെ കീഴിലുള്ള പോയോടം പള്ളിയുടെ പുറകുവശത്തുള്ള പാതാള കിണറിൽ ചാടിയ യുവാവ് മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമീക നിഗമനം. ഇന്ന് രാവിലെ പതിനൊന്നരയോടുകൂടിയാണ് പള്ളിയിൽ എത്തിയ യുവാവ് കിണറിൽ ചാടി ആത്മഹത്യ ചെയ്തത്. ഏകദേശം 30 വയസ്സോളം പ്രായമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ പള്ളിയിൽ എത്തിയ യുവാവ് കിണറിന്റെ അടിഭാഗത്തുള്ള ചില്ലുകൂട് തകർത്ത് കിണറിലേക്ക് ചാടുകയായിരുന്നു. ഈ സമയം പള്ളിയിൽ ഉണ്ടായിരുന്നവർ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കിണറിലേക്ക് എടുത്തുചാടുകയായിരുന്നു. 20 അടിയോളം താഴ്ചയുള്ള കിണറിൽ നിറയെ വെള്ളം ഉണ്ടായിരുന്നതിനാൽ ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു. ഉടൻതന്നെ പട്ടിമറ്റം ഫയർഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ആളെ പുറത്തെടുക്കുകയും ചെയ്തത്.


യുവാവിന് മാനസീക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സംശയുമുണ്ടെന്നും യുവാവിന്റെ ബാഗിൽ മാനസിക പ്രശ്നങ്ങൾക്ക് കഴിക്കുന്ന ഗുളികകൾ ലഭിച്ചിട്ടുള്ളതായും, അന്വേഷണം നടക്കുകയാണെന്നും പുത്തൻകുരിശ് പോലീസ് പറഞ്ഞു.ബാഗിലുണ്ടായിരുന്ന ആശുപത്രി കുറിപ്പടിയിൽ അലൻ (29) തൊടുപുഴ, വാഴക്കുളം എന്നാണ് അഡ്രസ്സ് രേഖപ്പെടുത്തിയിരിക്കുന്നത്.
കടമറ്റത്ത് കത്തനാരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് വിശ്വാസികൾ വഴിപാടുകൾ സമർപ്പിച്ചിരുന്ന പുരാതനമായ കിണറിലാണ് യുവാവ് ചാടി ആത്മഹത്യ ചെയ്തത്.പുത്തൻകുരിശ് പോലീസ് എത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.



