ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പിറവത്താണ് സംഭവം




പിറവം: രക്ഷിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ കയറി ഭിന്നശേഷിക്കാരിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കോട്ടയം കോതനല്ലൂർ ചാമക്കാല അംബേദ്കർ കോളനിയിൽ മേക്കണ്ണയിൽ ജോയി വർഗീസ് (56) നെയാണ് പിറവം പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി പിറവത്തും പരിസര പ്രദേശങ്ങളിലും വീടുകളും സ്ഥാപനങ്ങളും കയറി തൻ്റെ കുട്ടിക്ക് ക്യാൻസർ ആണെന്നു പറഞ്ഞ് ബൈക്കിൽ സഞ്ചരിച്ച് പിരിവെടുത്ത് നടക്കുകയായിരുന്നു. അമ്മയും സഹോദരനും മാത്രമടങ്ങുന്ന വീട്ടിലെ ഭിന്നശേഷിക്കാരിയായ കുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് മധുര പലഹാരങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ചു പ്രതി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ വീട്ടിൽ നിന്നും ഹെൽമറ്റ് ധരിച്ചു ഇറങ്ങി വന്ന ഇയാളെ അയൽവാസിയായ വീട്ടമ്മ കണ്ടിരുന്നു. വീണ്ടും ഇയാൾ ഇതേ വീടിന്റെ പരിസരത്ത് എത്തിയപ്പോൾ കുട്ടിയുടെ സഹോദരൻ ഇയാളെ പിന്തുടർന്നിരുന്നു. തുടർന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി വിജയന്റെ നേതൃത്വത്തിൽ മുളന്തുരുത്തി സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ് ഷിബു, പിറവം സ്റ്റേഷൻ എസ്. ഐമാരായ എം.എ ആനന്ദ്, ജിനു.പി തോമസ്, എ .എസ്.ഐ മാരായ ജോസ്. കെ ഫിലിപ്പ്, ടി കെ രാധിക, ബിജു ജോൺ, സി.പി.ഒ അനിൽ കുമാർ എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
2015-ൽ തിടനാട് പോലീസ് എടുത്ത പോക്സോ, കേസിൽ ഇയാൾ എഴു വർഷം ശിക്ഷ വാങ്ങിയിരുന്നു. 2021-ൽ ജയിൽ നിന്നിറങ്ങി. കൂത്താട്ടുകുളം , കുറവിലങ്ങാട് സ്റ്റേഷനുകളിൽ മാല മോഷണക്കേസുകളുമുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

