

പത്തനാപുരത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ആക്രമിച്ചു. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. ആംബുലൻസിന്റെ സൈഡ് മിറർ അക്രമികൾ തകർത്തു. പട്ടാഴിയിൽ നിന്നും ബിന്ദു എന്ന സ്ത്രീയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് തടഞ്ഞത്. വീട്ടിലെ ടെറസിൽ നിന്നും താഴെ വീണ ബിന്ദുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് സംഭവം. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ബിന്ദുവിനെ കൊണ്ടുപോയത്. ആശുപത്രി എത്തുന്നതിന് തൊട്ടു മുൻപാണ് ആക്രമണം ഉണ്ടായത്.


ഒരു സംഘം ആളുകൾ ചേർന്ന് ആംബുലൻസിന് കുറകെ വണ്ടി ഇട്ടതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. ഹോൺ അടിക്കുന്നത് എന്തിനാണെന്ന് ചോദിച്ചുക്കൊണ്ടാണ് അക്രമം തുടർന്നത്. ഇവർ മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തി. ഇവർ ആംബുലൻസിന്റെ ഡോർ വലിച്ചു തുറക്കുകയും ചില്ല് തകർക്കുകയും ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ഡ്രൈവറുടെ വാച്ച് മോഷ്ട്ടിക്കുകയും ചെയ്തു. ബന്ധുക്കൾ ബഹളം വച്ചതോടെ നാട്ടുക്കാർ ഓടിക്കൂടുകയും പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.


ബിന്ദുവിന്റെ അവസ്ഥ ഗുരുതരമായിരുന്നു. ആംബുലൻസ് ഹോൺ അടിച്ചിട്ടും മാറാതെ മുന്നിൽ സഞ്ചരിച്ച ബൈക്കിനെ മറികടന്ന് പോയതിനെ തുടർന്നാണ് അക്രമികൾ ആംബുലൻസ് ഡ്രൈവറെ ആക്രമിച്ചത്. ആശുപത്രിക്ക് പിന്നിൽ താമസിക്കുന്ന ചില സാമൂഹ്യ വിരുദ്ദരാണ് പ്രതികൾ എന്നാണ് നാട്ടുക്കാർ പറയുന്നത്. പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് തുടരുന്നു.



