





പുത്തൻകുരിശ് : ലെബനോനിലെ ബെയ്റൂട്ടിലുള്ള അച്ചാനെയിൽ പുതുതായി കൂദാശ ചെയ്‌ത സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് നവയുഗത്തിൽ യാക്കോബായ സുറിയാനി സഭയെ നയിക്കാൻ ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരി. മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ 2025 മാർച്ച് മാസം 25-ാം തീയതി വചനിപ്പ് പെരുന്നാൾ ദിവസം യാക്കോബായ സുറിയാനി സഭയ്ക്കായി ശ്രേഷ്ഠ കാതോലിക്കയായി ബസേലിയോസ് ജോസഫ് ബാവായെ വാഴിച്ചു.
മാർച്ച് 26-ാം തീയതി ലെബനോനിൽ നടന്ന ആകമാന സുറിയാനി സഭയുടെ സുന്നഹ ദോസിൽ പങ്കെടുത്തശേഷം ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവാ ബംഗ്ലൂർ വഴി മാർച്ച് 30-ാം തീയതി ഞായറാഴ്‌ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. അവിടെ നവാഭിഷിക്തനായ ശ്രേഷ്‌ഠ കാതോലിക്ക ബാവായെ സഭയിലെ മെത്രാപ്പോലീത്താമാരും. സഭാ ഭാരവാഹികളും, വർക്കിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് 1.30 ന് പൊതുസമൂഹത്തിന് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നിരവധി വാഹന ങ്ങളുടെ അകമ്പടിയോടു കൂടി പെരുമ്പാവൂർ. പട്ടിമറ്റം. പത്താംമൈൽ വഴി പുത്തൻകുരിശ് പാത്രിയർക്കാസെൻ്ററിൽ ഉച്ചകഴിഞ്ഞ് 3.00 മണിയ്ക്ക് എത്തിച്ചേരും. പാത്രിയർക്കാ സെൻ്ററിന്റെ പ്രധാന കവാടത്തിൽ നിന്ന് ശ്രേഷ്‌ഠ ബാവായെ പാത്രിയർക്കാ സെൻ്ററിലേയ്ക്ക് സ്വീകരിക്കും.
3.30 ന് പാത്രിയർക്കാസെൻ്ററിൽ നിന്ന് തൻ്റെ മുൻഗാമി ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കബറടങ്ങിയിരിക്കുന്ന സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിലേയ്ക്ക് സഭയുടെ ആചാരപ്രകാരം സ്വീകരിച്ചാനയിക്കും. അവിടെ ശ്രേഷ്‌ഠ ബാവായുടെ കബറിടത്തിലെ ധൂപ പ്രാർത്ഥനയ്ക്കു ശേഷം ശ്രേഷ്‌ഠ ബാവായെ മലങ്കര സഭ ഔദ്യോഗീകമായി അംഗീകരിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷ (സുന്തോണീസാ) നടക്കും. വൈകീട്ട് 5.00 മണിയ്ക്ക് ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ നഗറിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും. രാഷ്ട്രീയ- സാമുദായിക-നേതാക്കന്മാരും, വിവിധ മതമേലദ്ധ്യ ക്ഷന്മാരും പങ്കെടുക്കും. അതിനുശേഷം പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

