തിരുവാണിയൂർ പഞ്ചായത്തിൽ ഭരണം ലഭിച്ചാൽ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് ആരംഭിക്കും








കൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ തിരുവാണിയൂർ പഞ്ചായത്തിൽ ട്വൻ്റി20 പാർട്ടി അധികാരത്തിലെത്തിയാൽ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് ആരംഭിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു.
നീറാമുകൾ സെൻ്റ് പീറ്റർ ആൻ്റ് സെൻ്റ് പോൾ കത്തീഡ്രൽ പാരീഷ് ഹാളിൽ തിരുവാണിയൂർ പഞ്ചായത്ത് തല കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമത്തിലൂന്നിയ സമഗ്രവികസനവും അഴിമതിരഹിത ഭരണവുമാണ് ട്വൻ്റി 20 പാർട്ടിയുടെ മുഖമുദ്ര. ട്വൻ്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ എല്ലാ വ്യക്തികളും കുടുംബങ്ങളും സമൂഹമൊന്നാകെയും വികസനത്തിൻ്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നുണ്ട്.
ജനങ്ങൾ കൊടുക്കുന്ന നികുതി പണം ധൂർത്തടിക്കാതെ, മോഷ്ടിക്കാതെ ജനങ്ങളിലേക്ക് തന്നെ തിരികെ എത്തിക്കുന്ന വികസനനയമാണ് പാർട്ടി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. ട്വൻ്റി 20 പാർട്ടി പ്രവർത്തകർ മറ്റ് തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്. രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ പാർട്ടിയിൽ ഇല്ല. അതുകൊണ്ട് തന്നെ നിസ്വാർത്ഥ സേവനം കാഴ്ചവയ്ക്കുവാൻ പാർട്ടി പ്രവർത്തകർക്ക് സാധിക്കും. ഓരോ പഞ്ചായത്തിലും നടപ്പാക്കേണ്ട പദ്ധതികൾ ദീർഘവീക്ഷണത്തോടെ പാർട്ടി പ്ലാൻ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പിന്തുണ ഉറപ്പായാൽ വികസത്തിൻ്റെ തേരോട്ടം തുടരുമെന്ന് സാബു എം. ജേക്കബ് തുടർന്നു പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ, എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം, ജനറൽ സെക്രട്ടറി ജിൻ്റോ ജോർജ്, ജില്ലാ കോ-ഓർഡിനേറ്റർ പി.വൈ.എബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റസീന പരീത്, ഡോ. വി. എസ്. കുഞ്ഞുമുഹമ്മദ്, ബിജോയി ഫീലിപ്പോസ് , ഡോ. ജോർജ് പോൾ, ദീപക് രാജൻ, റോയി .വി .ജോർജ്, ടി.കെ ബിജു, ഓ .ജെ .പൗലോസ് എന്നിവർ പ്രസംഗിച്ചു.
വരുന്ന തെരഞ്ഞെടുപ്പിൽ തിരുവാണിയൂർ പഞ്ചായത്തിലെ 18 വാർഡുകളിലും ട്വൻ്റി 20 പാർട്ടി മത്സരിക്കും.