ഇരുട്ട് വിഴുങ്ങിയ കടയിരുപ്പ് : വെളിച്ചത്തിലേയ്ക്ക് ദൂരമേറുമോ…?


കടയിരുപ്പിലെ രാത്രികാല അവസ്ഥ വീഡിയോ കാണുക
കടയിരുപ്പ് സ്കൂൾ ജംഗ്ഷനും പരിസരവും ഇരുട്ട് വിഴുങ്ങിയിട്ട് നാളുകളായി. ഹയർ സെക്കണ്ടറി സ്കൂളിന് എതിർവശത്തായി സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് പണി മുടക്കിയതോടെ കടയിരുപ്പിന്റെ രാത്രികാലം ഭീതിജനകമാണ്.
ഐക്കരനാട് പഞ്ചായത്തിന്റെ ഭരണസിരാ കേന്ദ്രവും , ഹൈസ്ക്കൂളും ഉൾപ്പെടുന്നതും വ്യവസായ സ്ഥാപനങ്ങളുടെ കവാടവുമായ കടയിരുപ്പിൽ ഇരുട്ട് വീണാൽ സ്ഥിതി വളരെ ദുർബലവും ഭീകരവുമാണ് .
വി പി സജീന്ദ്രൻ എം എൽ എ ആയിരുന്നപ്പോൾ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് തകരാറിലായി മാസങ്ങൾ പിന്നിട്ടിട്ടും ശരിയാക്കാത്തത് . കൂരിരുട്ടിൽ മുങ്ങിയ ഇവിടെ അസ്വാഭിവകമായി എന്ത് സംഭവിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിക്കാൻ ആരെ സമീപിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നാടും നഗരവും പുരോഗതിപ്പെടുത്തുന്നതിന് പകരം ഉള്ളത് ഇല്ലാതാക്കി നാടിനെ പിന്നോട്ട് നയിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിച്ച് കടയിരുപ്പിനെ വെളിച്ചത്തിലാക്കണമെന്നും ആവശ്യമുയരുകയാണ്. കടയിരുപ്പിന്റെ രാത്രികാല ദൃശ്യം ഇതോടൊപ്പം ചേർക്കുന്നു.