മോഷ്ടാവിനെക്കുടുക്കി പോലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരം






മോഷ്ടാവിനെക്കുടുക്കി പോലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരം. ‘ആലുവയിൽ ഓട്ടോ ഓടിയ്ക്കുന്ന ഉളിയന്നൂർ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ സുധീറിനെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന അനു മോദന പത്രം നൽകി ആദരിച്ചത്.


24 ന് രാത്രിയാണ് സംഭവം നടന്നത്. കുറച്ച് സ്ക്രാപ്പ് കമ്പനിപ്പടിയിലേക്ക് കൊണ്ട് പോകണമെന്ന് പറഞ്ഞ് സീമാസിന് സമീപത്ത് വച്ച് ഒരാൾ സുധീറിനെ ഓട്ടം വിളിച്ചു. രണ്ട് ഏ.സി യൂണിറ്റും ,ഒരു മോട്ടോറും ആയിരുന്നു കൊണ്ടുപോകാനുണ്ടായിരുന്നത്. സംശയം തോന്നിയ സുധീർ ഓട്ടം പോകാൻ കൂടുതൽ തുക ആവശ്യപ്പെട്ടു. അതിനും തയ്യാറായിരുന്നു അയാൾ. കൂടുതൽ തുകയ്ക്ക് ‘ആക്രി’ എടത്തലയിൽ എടുക്കാൻ ആളുണ്ടെന്ന് പറഞ്ഞ് സുധീർ സാധനങ്ങളും കയറ്റി അയാളെയും കൂട്ടി ഊടുവഴികളിലൂടെ യാത്ര ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് ഓട്ടോ ഓടിച്ചു കയറ്റി ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു.
പോലീസുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ തമിഴ്നാട് ഗാന്ധിനഗർ സ്വദേശി സുരേഷ് കുമാറാണ് ഇയാളെന്നും, എ.സി യൂണിറ്റും മോട്ടോറും ആലുവയിൽ നിന്ന് മോഷ്ടിച്ചതാണെന്നും സമ്മതിച്ചു.
കൂടാതെ നജാത്ത് ഹോസ്പിറ്റലിലും നേരത്തെ ഇയാൾ മോഷണം നടത്തിയതായി കണ്ടെത്തി. വടകര പോലീസ് സ്റ്റേഷനിലും കേസുണ്ട്.
സുധീർ സമൂഹത്തിന് മാതൃകയാണെന്നും, ധീരമായ പ്രവൃത്തിയെ അനുമോദിക്കുന്നുവെന്നും ഡോ: വൈഭവ് സക്സേന പറഞ്ഞു. ആലുവ സ്ക്കൂബ ടീമിൻ്റെ ക്യാപ്റ്റൻ കൂടിയണ് സുധീർ.

