വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിനു തിരക്കേറുന്നു


നോമ്പുകാലത്തെ ഏറ്റവും പ്രധാന ദിവസങ്ങളായ വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് തിരക്കേറുന്നു. കുരിശുമുടിയിൽ ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത് വിശുദ്ധ വാരത്തിലാണ്. ചെറുതും വലുതുമായ കുരിശുകൾ വഹിച്ചും കാൽനടയായും വിവിധ സ്ഥലങ്ങളിൽ നിന്നു തീർഥാടകർ കുരിശുമുടിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. തനിച്ചും സംഘങ്ങളായും കാൽനടയായി എത്തുന്നവരുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ കാൽനടക്കാരുടെ എണ്ണം വർധിക്കും.
പെസഹ വ്യാഴം, ദു:ഖ വെള്ളി ദിവസങ്ങളിൽ ഇതു പാരമ്യത്തിലെത്തും. തീർഥാടകർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ മലയാറ്റൂരും കുരിശുമുടിയിലും ഒരുക്കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയോരത്തും തടാകത്തിന്റെ സമീപത്തും സുരക്ഷാ ഒരുക്കി. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തീർത്ഥാടനം പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് നടത്തുന്നതെന്ന് വികാരി ഫാ വർഗീസ് മണവാളൻ പറഞ്ഞു. 24 മണിക്കൂറും മല കയറാനുള്ള സൗകര്യമുണ്ട്. കുരിശുമടിയിൽ തീർത്ഥാടകർക്കായി വിവിധ സമയങ്ങളിൽ വിശുദ്ധകുർബാനയും ഉണ്ട്.