വാഹന മോഷ്ടാവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.തെളിഞ്ഞത് പോക്സോ കേസും, മറ്റൊരു മോഷണവും


ഇരുചക്ര വാഹന മോഷ്ടാവിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയപ്പോൾ തെളിഞ്ഞത് പോക്സോ കേസും, മറ്റൊരു മോഷണവും. നോർത്ത് പറവൂർ മച്ചാൻ തുരുത്ത് കണ്ണാട്ട് പാടത്ത് വിപിൻ ലാൽ (39) നെ കഴിഞ്ഞ 6 ന് ആണ് ആലുവ മാർക്കറ്റിന് സമീപം മേൽപ്പാലത്തിന് കീഴെ പാർക്ക് ചെയ്തിരുന്ന ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ബുളളറ്റ് മോഷ്ടിച്ച കേസില്‍ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്തു. പിന്നീട് പ്രതിയെ വിശദമായ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാൾ അനധികൃതമായി താമസിച്ചു കൊണ്ടിരുന്ന പണി തീരാത്ത ഫ്ലാറ്റിൽ വച്ചാണ് പതിമൂന്നുവയസുള്ള ആൺകുട്ടിയെ പീഡനത്തിരയാക്കിയത്. കുട്ടിയെ മയക്കുമരുന്ന് നൽകിയാണ് ഉപദ്രവിച്ചതെന്ന് ഇയാൾ പറഞ്ഞു. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.
ആലുവയിൽ നിന്ന് തന്നെയാണ് ഇയാൾ മറ്റൊരു ബൈക്കും മോഷ്ടിച്ചത്. രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. പതിമൂന്ന് മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്. പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്. മോഷണം നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിന് വിനിയോഗിക്കുകയാണ് ചെയ്യുന്നത്. എസ്.എച്ച്.ഒ എം.എം.മഞ്ജുദാസ്, എസ്.ഐ പി.ടി.ലിജിമോൾ, എസ്.സി.പി.ഒ ഷൈജ ജോർജ്, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.