പട്ടിമറ്റത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട


പട്ടിമറ്റത്ത് വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ (30) കുന്നത്തു നാട് പോലീസിന്‍റെ പിടിയിൽ. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എറണാകുളത്താണ് ജയന്ത് ഭീരോ താമസിക്കുന്നത്. ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാർക്ക് ഹോൾ സെയിലായിട്ടാണ് കച്ചവടം.
ഒരു കിലോയ്ക്ക് ഇരുപതിനായിരത്തോളം രൂപയ്ക്കാണ് വിൽപന, ഇത്തരത്തിൽ വിൽപനക്കെത്തിയ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് പിടികൂടുമെന്നായപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് വിൽപ്പനക്കാരനെ പോലീസ് സാഹസികമായാണ് പിടികൂടിയത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ്.ഐ എ.ബി.സതീഷ് , എ.എസ്.ഐ മാരായ കെ.എ.സതീഷ്, സജി ജോസഫ് എസ്.സി.പി.ഒമാരായ ടി.എ.അഫ്സൽ, വിവേക്, അലിക്കുഞ്ഞ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.