KERALA

പി വി ശ്രീനിജിൻ എം എൽ എയുടെ കത്ത്: നാല് പഞ്ചായത്തുകളിലെ അങ്കണവാടി നിയമന നടപടികൾ നിർത്തി വച്ചു

കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, കിഴക്കമ്പലം പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ / ഹെൽപർ തസ്തികകളിലേക്കുള്ള നിയമന നടപടികളാണ് നിർത്തി വക്കാൻ സംസ്ഥാന വനിത ശിശുവികസന ഡയറക്ടർ ഉത്തരവിട്ടത്

കോലഞ്ചേരി: സെലക്ഷൻ കമ്മിറ്റി രൂപീകരണം മാനദണ്ഡപ്രകാരമല്ലെന്ന് പരാതി; നാല് പഞ്ചായത്തുകളിലെ അങ്കണവാടി നിയമന നടപടികൾ നിർത്തി വച്ചു. കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, കിഴക്കമ്പലം പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ / ഹെൽപർ തസ്തികകളിലേക്കുള്ള നിയമന നടപടികളാണ് നിർത്തി വക്കാൻ സംസ്ഥാന വനിത ശിശുവികസന ഡയറക്ടർ ഉത്തരവിട്ടത്. അങ്കണവാടി ജീവനക്കാരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഈ പഞ്ചായത്തുകളിൽ മാനദണ്ഡപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി പി.വി.ശ്രീനിജിൻ എം.എൽ.എ. വകുപ്പ് മന്ത്രി വീണ ജോർജിന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം ശിശു വികസന ഡയറക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സാമൂഹ്യ നീതി വകുപ്പിൻ്റെ ഉത്തരവിൽ പറഞ്ഞ മാനദണ്ഡപ്രകാരമല്ല ഈ പഞ്ചായത്തുകളിലെ സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സാമൂഹ്യ പ്രവർത്തകരുടെ തെരഞ്ഞെടുപ്പെന്നും സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സാമൂഹ്യ പ്രവർത്തകരായി ഇവിടങ്ങളിൽ പ്രസിഡൻ്റുമാരുടെ പാർട്ടിക്കാരെ മാത്രം തീരുമാനിച്ച് ജില്ലാ ഓഫീസർക്ക് കത്ത് നൽകുകയായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ കത്തിൻ്റെ അടിസ്ഥാനത്തിൽ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച ജില്ലാ ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാല് പഞ്ചായത്തുകളിലേയും അങ്കണവാടി ജീവനക്കാരുടെ നിയമന നടപടികൾ നിർത്തി വക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button