സ്കൂട്ടർ മോഷണം; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ




ഇരുചക്ര വാഹനമോഷണം പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ. കുന്നുകര പുതുവ വീട്ടിൽ കെവിൻ (19), കൂട്ടാളിയായ മറ്റൊരു പതിനേഴ്കാരൻ എന്നിവരെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 30 ന് ആണ് സംഭവം. പള്ളിയിലെ ചടങ്ങിന് പോകുന്നതിന് ക്രിസ്തുരാജാ സ്ക്കൂളിന്‍റെ പോർച്ചിൽ സൂക്ഷിച്ച ഇരുചക്രവാഹനമാണ് ഇവർ മോഷ്ടിച്ചത്.
ഒരാൾ സ്ഥലം നിരീക്ഷിച്ച് ആളില്ലെന്ന് ഉറപ്പുവരുത്തിയശേഷം മറ്റേയാൾ വാഹനം മോഷ്ടിക്കുകയായിരുന്നു. പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇരുചക്രവാഹനം നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിച്ചു വരികയായിരുന്നു. ഇത് അങ്കമാലിയിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ കെ.ബ്രിജു കുമാർ, എസ് ഐ ടി.കെ.സുധീർ , എ.എസ്.ഐ സിനു മോൻ എസ്.സി.പി.ഒമാരായ സജിത്ത്, സെബാസ്‌റ്റ്യൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

