CRIME

കോലഞ്ചേരി സ്വദേശിനയ്ക്ക്  വിസ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

കോലഞ്ചേരി സ്വദേശിനിയെ ഇസ്രായേലിലേക്ക് വിസ തരപ്പെടുത്തി ക്കൊടുക്കാമെന്ന് പറഞ്ഞ് ആറ് ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ . തിരുവനന്തപുരം വിഴിഞ്ഞം വലിയവിള കോളനിയിൽ അനിൽകുമാർ നടേശൻ (55) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തിയ ശേഷം ഒരു വർഷമായി ഒളിവിലായിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്താൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വരാപ്പുഴയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇരുപതിലേറെ പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തിൽ ലഭിക്കുന്ന വിവരം. അന്വേഷണത്തിൽ ഇയാളുടെ നേതൃത്വത്തിൽ നടക്കുന്ന വൻ തട്ടിപ്പാണ് വെളിവായത്.

2010 ൽ കെയർ ടേക്കർ വിസയിൽ ഇസ്രായേലിൽ എത്തിയ അനിൽ കുമാർ നടേശൻ 2016 ൽ വിസാ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി തങ്ങുകയും അവിടെ ജോലിവാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്ന് പണം തട്ടുകയുമാണ് ചെയ്തിരുന്നത്. ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കില്ല. വിസ ആവശ്യമുള്ളവരെ നാട്ടിലുള്ള സുഹൃത്തുക്കൾ വഴി കണ്ടെത്തുകയാണ് ചെയ്യുന്നത്. തുടർന്ന് വിസയ്ക്കുള്ള തുക പ്രതിക്കൊപ്പം ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ഉടുപ്പി, നോയിഡ , ഡൽഹി, പൂനെ എന്നിവിടങ്ങളിലുള്ളവരുടെ പേരിലേക്ക് അയപ്പിക്കും.

ഇസ്രായേലിൽ അനിധികൃതമായി താമസിക്കുന്നവരുടേയും ലീഗൽ ആയി താമസിക്കുന്നവരുടേയും പണം അക്കൗണ്ട് വഴി നാട്ടിലേക്കയക്കുമ്പോൾ വരുന്ന ടാക്സും പ്രശ്നങ്ങളും ഒഴിവാക്കാൻ അവിടെ അനിൽകുമാർ പണം അവരിൽ നിന്ന് നേരിട്ട് വാങ്ങും. തുടർന്ന് ഇന്ത്യയിലുള്ള ഇയാളുടെ ആളുകൾ വഴി വിസാ തട്ടിപ്പിലൂടെ ശേഖരിച്ച പണം ഇസ്രായിലുള്ള ഇന്ത്യക്കാരുടെ വീട്ടിലെത്തിക്കും. ഇത്തരത്തിൽ വൻ ഇടപാടാണ് ഇയാളുടെ നേതൃത്വത്തിൽ

നടത്തിക്കൊണ്ടിരുന്നത്.കണ്ണൂർ കരികോട്ടക്കരി സ്വദേശിനിയാണ് രണ്ടാം പ്രതി. ഇവരുടെ പേരിൽ സമാനമായ കേസുണ്ട്. ഇവർ നിയമവിരുദ്ധമായി ഇസ്രായേലിൽ താമസിച്ചു വരുന്നതായാണ്  വിവരം. ഇസ്രായേലിൽ അനധികൃതമായി താമസിച്ചതിന് പ്രതി രണ്ട് പ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവിടെ വച്ച് പരിചയപ്പെട്ട വരാപ്പുഴ സ്വദേശിനിയ വിവാഹം കഴിച്ച ശേഷം 2021 ൽ ഇന്ത്യയിലേക്ക് തിരികെയെത്തി. ഇയാൾ വ്യാജ വിലാസത്തിൽ വരാപ്പുഴ താമസിക്കുകയായിരുന്നു. പുതിയ പാസ്പോർട്ട് സംഘടിപിച്ച് തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കേരളത്തിൽ കണ്ണൂർ, പാലക്കാട്, ഇടുക്കി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ കേസുകളുണ്ട്. ഡി.വൈ.എസ്.പി ടി.ബി വിജയൻ , ഇൻസ്പെക്ടർ ടി. ദിലീഷ്, എ.എസ്. ഐമാരായ സുജിത്ത്, മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി.ചന്ദ്രബോസ് തുടങ്ങിയവരടങ്ങുന്ന ടീം മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button