

മനുഷ്യൻ വരുത്തിവച്ചവിനയെന്നാണ് ബ്രഹ്മപുരം മാലിന്യസംസ്ക്കരണ യാർഡിൽ ഉണ്ടായ അഗ്നിബാധയെ കരുതേണ്ടത്.സാധാരണ ജനങ്ങളുടെ മേൽ ഭരണസംവിധാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഭീകരത.അതാണ് ബ്രഹ്മപുരത്ത് നാം കണ്ടത്.ദീർഘവീക്ഷണമില്ലാതെയും പരിസ്ഥിതി ബോധമില്ലാതെയും ചെയ്തുവച്ച വെറുമാരു പരഹാരമാർഗ്ഗമായിരുന്നു ഇന്ന് കൊച്ചിയെ ശ്വാസംമുട്ടിക്കുന്ന ബ്രഹ്മപുരം മാലിന്യകേന്ദ്രം.
എറണാകുളം ജില്ലയിൽ അമ്പലമുകളിന് സമീപം വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് 110 ഏക്കർ സ്ഥലത്ത് പരന്ന് കിടക്കുന്ന ബ്രഹ്മപുരം മാലിന്യകേന്ദ്രം. 2007 ലാണ് ഇവിടെ ആദ്യമായി മാലിന്യസംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചത്. കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, ആലുവ, അങ്കമാലി എന്നീ അഞ്ച് നഗരസഭകൾ, ചേരാനെല്ലൂർ, കുമ്പളങ്ങി, വടവുകോട് -പുത്തൻകുരിശ് എന്നീ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേയ്ക്ക് മാലിന്യമെത്തുന്നത്. 200 ലേറെ ടൺ ജൈവ മാലിന്യവും അതിന്റെ പകുതിയോളം അജൈവ മാലിന്യവുമാണ് ദിനംപ്രതി വരുന്നതെന്ന്ശരാശരി കണക്കാക്കപ്പെടുന്നത്.എന്നാൽ ആദ്യമായി സ്ഥാപിച്ച പ്ലാന്റ് നിർഭാഗ്യവശാൽ ആദ്യത്തെ ദിവസം തന്നെ തകരാറിലായി.പിന്നീടിങ്ങോട്ട് യാതൊരുവിധ മാലിന്യസംസ്ക്കരണ പദ്ധതിയും ഇവിടെ നടപ്പിലായിട്ടില്ല.


ഇങ്ങനെ മാലിന്യം കുമിഞ്ഞുകൂടിയതോടെ ഈ പ്രദേശത്തെ ജനജീവിതം അക്ഷരാർത്ഥത്തിൽ ദുരിതപൂർണ്ണമായി.അന്തരീക്ഷത്തിൽ അസഹ്യമായ ദുർഗന്ധം നിറയുകയും വീടുകൾക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും പറ്റാതെയുമായി. കൃഷിയും മത്സ്യബന്ധനവും ചെയ്തിരുന്ന പലരുടേയും ജീവിതമാർഗം വഴിമുട്ടി. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ കടമ്പ്രയാറിനൊപ്പം ചിത്രപ്പുഴ, മനക്കപ്പുഴ എന്നിവയും മലിനമായി. അതോടെ ഈ പ്രദേശത്ത് രോഗങ്ങൾ വ്യാപകമായി. പ്ലാന്റ് അടച്ചുപൂട്ടാൻ നടന്ന പ്രതിഷേധങ്ങൾ പോലീസിനെ ഉപയോഗിച്ച് സർക്കാർ അടിച്ചൊതുക്കി. തദ്ദേശവാസികളെ ബലംപ്രയോഗിച്ച് കുടിയിറക്കിക്കൊണ്ട് സർക്കാർ കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതിയുമായി മുന്നോട്ടുപോയി.
പിന്നീട് പദ്ധതികൾ കൂടുതൽ വിപുലീകരിക്കപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന ‘മാലിന്യത്തിൽ നിന്നും ഊർജ്ജം’ പദ്ധതി, തുടർന്ന് വന്ന പിണറായി സർക്കാറും ഏറ്റെടുത്തതോടെ മാലിന്യം ബ്രഹ്മപുരത്തിന്റെ അനിവാര്യതയായി. അതിനു വേണ്ടി കൊച്ചി കോർപ്പറേഷൻ കോടികൾ മുടക്കാൻ തുടങ്ങി. മാലിന്യം കൊച്ചി കോർപ്പറേഷനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് ബ്രഹ്മപുരം പ്ലാന്റിൽ എത്തിക്കാൻ സർക്കാർ 80 ലക്ഷം രൂപയോളം ഓരോ മാസവും വേറെ വകയിരുത്തിയിട്ടുണ്ട്. കത്തുന്നതിനു മുൻപ് 70 ഏക്കർ വിസ്തൃതിയിൽ 5 ലക്ഷം ടണ്ണോളം ലെഗസി വേസ്റ്റ് ഉണ്ടായിരുന്നതായി പറയുന്നു.


ബ്രഹ്മപുരത്ത് ഉയരുന്ന ചോദ്യങ്ങൾ
ഒരു ജനതയോട് ബോധപൂർവ്വവും അല്ലാതെയും ചെയ്തുകൂട്ടിയ കുറ്റകൃത്യമാണ് ബ്രഹ്മപുരത്തെ ദുരിതം.ഇതിന് ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാരും കൊച്ചി കോർപ്പറേഷൻ എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനവും ഉത്തരം പറയേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വികേന്ദ്രീകൃത രീതിയിൽ മാലിന്യ സംസ്ക്കരണം നടക്കുമ്പോൾ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി എന്തിനുവേണ്ടിയാണ് ഒരിക്കലും പ്രായോഗികമല്ലാത്ത ഒരു പദ്ധതിക്കായി കൊച്ചിയിൽ മാലിന്യം കുന്നുകൂട്ടിയത്.കരാർ കാലാവധിയുടെ അവസാനഘട്ടത്തിൽ കൃത്യമായ രീതിയിൽ മിലന്യസ്ക്കരണം നടത്താതിരുന്ന കരാർ കമ്പനിയായ Zonta Infrateche എന്ന സ്ഥാപനത്തിനെതിരെ സർക്കാർ എന്ത് നിയമനടപടി സ്വീകരിച്ചു..?
അവർക്ക് ബയോമൈനിങ്ങിനായി 11 കോടി രൂപ അഡ്വാൻസ് നൽകാൻ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നോ? കരാർ വ്യവസ്ഥകൾ പാലിക്കാതിരുന്ന കമ്പനിക്ക് നാല് കോടി രൂപ നൽകാൻ മേയർക്ക് ആരുടെ സമ്മർദ്ദം ആണുണ്ടായിരുന്നത് ?
Solid Waste Management Rules, 2016 പ്രകാരം ജൈവമാലിന്യങ്ങൾ അതിന്റെ പ്രഭവ സ്ഥാനത്ത് തന്നെ സംസ്ക്കരിക്കാനുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാതെ വർഷങ്ങളായി മാലിന്യം കുന്നുകൂട്ടിയതിനെതിരെ എന്തുകൊണ്ട് മലിനീകരണ നിയന്ത്രണ ബോർഡ് ഒരിക്കൽ പിഴയടപ്പിക്കുന്നതിനപ്പുറം ശക്തമായ നടപടി എടുത്തില്ല? മാലിന്യം കത്തിയതിന്റെ ഫലമായി ഇപ്പോഴുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ ആരോഗ്യ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമോ?
ഇങ്ങനെ നിരവധി ചോദ്യങ്ങൾക്കാണ് സമൂഹത്തിന് മുൻപിൽ ഭരണസംവനിധാനങ്ങൾ ഉത്തരം നൽകേണ്ടത്.ബ്രഹ്മപുരത്തെ മാലിന്യസംസ്ക്കരണ പദ്ധതി ശുദ്ധ അസംബന്ധവും കുറ്റകൃത്യവുമാണെന്ന് ബോധ്യമാകാൻ ആവശ്യമായ തെളിവുകൾ നമുക്കുചുറ്റുമുണ്ട്.


പതിയിരിക്കുന്ന അപകടങ്ങൾ
ആശുപത്രി മാലിന്യവും വ്യവസായശാലകളിലെ മാലിന്യവും ഉൾപ്പെടെ എല്ലാം അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യ ബോംബാണ് ബ്രഹ്മപുരം. ആകാശത്തേക്കുയർന്ന് പലയിടങ്ങളിലേക്കും പടർന്ന വിഷ വാതകങ്ങളെക്കാൾ കൂടുതൽ അപകടകാരികളായ രാസമാലിന്യങ്ങൾ തീ അണയുമ്പോൾ അവിടെ അടിഞ്ഞുകൂടും. ഒരു കനത്ത മഴ മതി അവ തൊട്ടടുത്ത പ്രദേശങ്ങളിലേക്കും ജലാശയങ്ങളിലേക്കും കൂടിച്ചരുവാൻ. അങ്ങനെ രാസമാലിന്യങ്ങൾ കടമ്പ്രയാർ വഴി കൊച്ചിയിലെ വിവിധങ്ങളായ ജലാശയങ്ങളെയും മണ്ണിനെയും മലിനപ്പെടുത്തിക്കൊണ്ട് നാം കഴിക്കുന്ന ഭക്ഷണത്തിൽപോലും ഇവയുടെ അംശം അലിഞ്ഞുചേരുന്ന കാലം വിദൂരമല്ല.ഈ തീക്കളി ശാശ്വതമായി പരിഹരിച്ചേ മതിയാകൂ…