മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാര്‍;ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു
നീതി തേടിയുള്ള മധുവിന്റെ കുടുംബത്തിന്റെ അലച്ചിലും കാത്തിരിപ്പിനുമൊടുവിലാണ് കോടതിയുടെ വിധി വരുന്നത്


പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി.ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു.
അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ, പട്ടിക വർഗ അതിക്രമം എന്നീ കുറ്റങ്ങളും തെളിഞ്ഞു. 16 ആം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രം. ഇയാൾക്കെതിരെ ഐപിസി 352 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 3 മാസം വരെ തടവും 500 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ് ഇത്.
2018 ഏപ്രില്‍ 22-നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്. അഞ്ചുവര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വന്നത്. നീതി തേടിയുള്ള മധുവിന്റെ കുടുംബത്തിന്റെ അലച്ചിലും കാത്തിരിപ്പിനുമൊടുവിലാണ് കോടതിയുടെ വിധി വരുന്നത്. കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ചെന്നും തുടര്‍ന്ന് കൊല്ലപ്പെട്ടുമെന്നുമാണ് കേസ്.