തമ്മാനിമറ്റം തൂക്കുപാലം; 5.37 കോടി സർക്കാർ അനുവദിച്ചു; പുനർനിർമ്മാണം യാഥാർത്ഥ്യമാകുന്നു
ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽ നിന്നുമാണ് തൂക്കു പാലം പണിയാൻ ആദ്യം ഫണ്ടനുവദിച്ചത്


കോലഞ്ചേരി:തമ്മാനിമറ്റം തൂക്കുപാലത്തിൻ്റെ പുനർനിർമ്മാണം യാഥാർത്ഥ്യമാകുന്നു. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് റീബിൽഡ് കേരള പദ്ധതിയിൽ 5,37,00000 ചെലവിട്ട് പാലം പുനർനിർമ്മിക്കാൻ സർക്കാർ അനുമതി നൽകി. പാലം പുനർനിർമ്മിക്കാൻ 2.16 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇത് അപര്യാപ്തമാണെന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പുതിയ തുകക്ക് സർക്കാർ ഭരണാനുമതി നൽകിയത്. കുന്നത്തുനാട്, പിറവം മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന തമ്മാനിമറ്റം തൂക്കു പാലം തകർന്നിട്ട് അഞ്ച് വർഷമായി.


നിർമ്മാണം തുടങ്ങാതെ അനിശ്ചിതത്തിലായതോടെയാണ് എം.എൽ.എയുടെ ഇടപെടലിൽ പാലം പുനർനിർമ്മാണത്തിനായി സർക്കാർ അനുമതി നൽകിയത്. രാമമഗംലം, പൂത്തൃക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് തമ്മാനിമറ്റം കടവിൽ പാലം പൂർത്തിയായത് 2013ലാണ്. അടുത്ത വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം ചരിഞ്ഞു. പുഴയിലൂടെ ഒഴുകിവന്ന കൂറ്റൻ മരങ്ങൾ ഇടിച്ചാണ് പാലത്തിന്റെ നടപ്പാത ചരിഞ്ഞുപോയത്. പാലം നിർമിച്ച ‘കെൽ’ തന്നെ കേടുപാടുകൾ തീർത്ത് പാലം സഞ്ചാരയോഗ്യമാക്കി. എന്നാൽ 2018 ലെ മഹാ പ്രളയം പാലം പിഴുതെടുക്കുകയായിരുന്നു. പാലത്തിന്റെ തമ്മാനിമറ്റം കരയിലെ തൂണ് തകർന്നാണ് തൂക്കുപാലം ഛിന്നഭിന്നമായത്.


ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽ നിന്നുമാണ് തൂക്കു പാലം പണിയാൻ ആദ്യം ഫണ്ടനുവദിച്ചത്. ആദ്യ പ്രളയത്തിൽ പാലം തകർന്നപ്പോൾ ഈ ഫണ്ടിൽ നിന്നും തുകയനുവദിച്ചാണ് അറ്റകുറ്റപണി നടത്തിയത്.ഇവിടെ പാലം വന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ കടത്തു സർവീസ് നിലച്ചിരുന്നു. പാലം തകർന്നതോടെ വർഷങ്ങളോളമായി പാലവും കടത്തുമില്ലാതെ വലയുകയാണ് ഇരുകരകളിലേയും സാധാരണക്കാർ. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് വേളയിൽ പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പാലം പുനർനിർമ്മാണം. സർക്കാർ ഫണ്ട് അനുവദിച്ചതോടെ ഈ വാഗ്ദാനമാണ് യാഥാർത്ഥ്യമാകുന്നത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി അടിയന്തിരമായി പുനർനിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പി.വി.ശ്രീനിജിൻ എം.എൽ.എ.പറഞ്ഞു.