



ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയവും,സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന പൊതുവിദ്യാലയങ്ങളിലൊന്നുമാണ് കടയിരുപ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ..
കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകൾ പൗരിപോഷിപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ ഒരു പിടി കഴിവുറ്റ അധ്യാപകരും !
തങ്ങളുടേതായ കാലങ്ങളിൽ തനതായ പാദമുദ്രകൾ പതിപ്പിച്ച് കടന്നു പോയ ഗുരുശ്രേഷ്ഠരുടെ വഴിയിലൂടെ നടക്കാൻ പ്രാപ്തിയുള്ള ഗുരുക്കന്മാരുടെ സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണ് ഈ സരസ്വതീക്ഷേത്രം.
ഈ അധ്യാപകദിനത്തിൽ അവരിൽ ചിലരെ പരിചയപ്പെടാം




പതിനേഴ് വർഷമായി കടയിരുപ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അക്കാദമിക- ഭൗതിക വികസനമുന്നേറ്റങ്ങളിൽ തൻ്റേതായ പങ്ക് നിർവ്വഹിച്ചുവരുന്ന കമാൽ കെ എം ന് സ്കൂളിൻ്റെ ഒരു ഐക്കണായി മാറാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
അറിയപ്പെടുന്ന അധ്യാപക പരിശീലകൻ കൂടിയായ ഇദ്ദേഹം രസതന്ത്രത്തിൻ്റെ സംസ്ഥാന ജില്ലാ റിസോഴ്സ് ഗ്രൂപ്പുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ശാസ്ത്രമേളകളിൽ കഴിഞ്ഞ പതിമൂന്ന് വർഷമായി ഉപജില്ല ചാമ്പ്യൻമാരാകുന്നതിന് പ്രോജക്ട്, ഇപ്രു വൈസ്ഡ് എക്സ്പിരിമെൻ്റ്, സ്റ്റിൽ മോഡൽ എന്നിവയിൽ വിദ്യാലയത്തെ വിജയത്തിലെത്തിക്കുന്നതിൽ സുപ്രധാനപങ്ക് കമാലിനുണ്ട്. സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കവിയുമാണ്.
മറ്റൊരു അധ്യാപക പ്രതിഭയാണ് അജിമോൻ കളമ്പൂർ. കവി,എഴുത്തുകാരൻ, പ്രഭാഷകൾ എന്നീ നിലകളിൽ പ്രശസ്തനായ ഇദ്ദേഹം, നല്ലൊരു ഗായകൻ കൂടിയാണ്. നാടൻ പാട്ടും വാദ്യ സംഗീതവും ഇദ്ദേഹത്തിന് വഴങ്ങും.
ഒട്ടേറെ കവിത സമാഹരങ്ങളും ഒരു നാടകവും ഇദ്ദേഹത്തിൻ്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഇദ്ദേഹത്തിൻ്റെ അധ്യാപന പരിചയവും സാഹിത്യ സപര്യയും വിദ്യാലയത്തിനെന്നും മുതൽ കൂട്ടാണ്.




ജില്ലയിലെ അറിയപ്പെടുന്ന ഗണിതശാസ്ത്രാധ്യാപികയായ ജയശ്രീ രാജീവ്, വേറിട്ട അധ്യാപന രീതികൊണ്ട് പ്രശസ്തയാണ്.
കഥകളിലൂടെയും കവിതകളിലൂടെയും പാട്ടുകളിലൂടെയും നാടകങ്ങളുടേയും മറ്റിതര കലാരൂപങ്ങളിലൂടെയുമെല്ലാം കുട്ടികൾക്ക് ദുർഗ്രഹമായ ഗണിതഭാഗങ്ങൾ പഠിപ്പിക്കാൻ വിദഗ്ധയായ ടീച്ചർ, ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഉത്തരകേരള കവിത സാഹിത്യവേദിയുടെ കുഞ്ഞുണ്ണി മാഷ് ബാലസാഹിത്യ പുരസ്കാരവും, കോഴിക്കോട് സദ്ഭാവനാ ബുക്സിൻ്റെ മാമ്പഴ പുരസ്കാരവും ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. എന്തു കൊണ്ടും മാതൃകയാക്കാവുന്ന ഗണിതാധ്യാപിക.
പുതു തലമുറയിലെ ശ്രദ്ധേയയായ അധ്യാപികയാണ് ഡോ. ജിബി കെ.ബി. പരിചയസസമ്പന്നയായ ഹിന്ദി അധ്യാപിക എന്നതിന് പുറമേ അറിയപ്പെടുന്ന മോട്ടിവേഷണൽ ട്രൈനറും എഴുത്തുകാരിയുമാണ് ജിബി ടീച്ചർ.
ഹിന്ദിയിലുള്ള ബിരുദാനന്തരബിരുദത്തിന് പുറമേ, എംഫിൽ, പി എച്ച് ഡി, ജർണലിസത്തിലും വിവർത്തനത്തിലും ഡിപ്ലോമയും ടീച്ചർ കരസ്ഥമാക്കിയിട്ടുണ്ട്. കവിത – കഥാ സമാഹരങ്ങൾക്ക് പുറമേ നോവൽ, വിവർത്തനം എന്നിങ്ങനെ ഒമ്പതോളം പുസ്തകങ്ങൾ ടീച്ചറുടേതായുണ്ട്.
അവരുടേതായ കഴിവുകൊണ്ടും സ്വാധീനം കൊണ്ടും കുട്ടികൾക്ക് മാതൃകായോഗ്യരായ ഇവർ കടയിരുപ്പ് വിദ്യാലയത്തിനും
അതിൻ്റെ അക്കാദമിക മികവിനും മുതൽ കൂട്ട് തന്നെയാണ്.



