ആൾമാറാട്ടം നടത്തി 45 ലക്ഷത്തോളം രൂപ തട്ടി
ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്


ആൾമാറാട്ടം നടത്തി 45 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബീഹാർ ഗോപാൽഘഞ്ച് സ്വദേശി ധനശ്യാം സാഹ് (29) നെയാണ് എറണാകുളം റൂറൽ ജില്ല സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. കമ്പനിയുടെ എം.ഡിയാണെന്ന വ്യാജേന കമ്പനിയിലെ ഫിനാൻഷ്യൽ മാനേജരെ ബന്ധപ്പെട്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. രഹസ്യ മീറ്റിംഗിലാണെന്നും, രഹസ്യ നമ്പറിലാണ് വിളിക്കുന്നതെന്നും, നമ്പർ ആർക്കും ഷെയർ ചെയ്യരുതെന്നും എം.ഡിയെന്ന് വ്യാജേന ബന്ധപെട്ടയാൾ ആവശ്യപ്പെട്ടു. വാട്സാപ്പ് മെസേജ്, വോയ്സ് എന്നിവ വഴിയാണ് ബന്ധപ്പെട്ടത്. സത്യമാണെന്ന് വിശ്വസിച്ച മാനേജർ പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകി. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബീഹാറിലെ ഉൾഗ്രാമത്തിൽ നിന്നും സാഹസികമായാണ് ഇയാളെ പിടികൂടിയത്. ഇൻസ്പെക്ടർമാരായ എം.ബി.ലത്തീഫ്, കെ.ഉണ്ണികൃഷ്ണൻ, എസ്.ഐ എം.ജെ.ഷാജി, എസ്.സി.പി.ഒ ഷിറാസ് അമീൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.