

കൊച്ചി: വിവിധ ബോർഡ്, കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പുത്തൻകുരിശ് കാണിനാട് വട്ടത്തിൽ ജിനരാജ് (64), കിഴക്കമ്പലം ടെക്‌സാസ് വില്ലയിൽ വെണ്ണിത്തടത്തിൽ വത്സൻ മത്തായി (52) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബീവറേജസ് കോർപ്പറേഷനിൽ ജോലി നല്കാമെന്ന് പറഞ്ഞ് കുട്ടമംഗലം സ്വദേശിയായ യുവാവിൽ നിന്ന് നാലരലക്ഷം രൂപയും, മിൽമയിൽ ജോലി നല്കാമെന്നു പറഞ്ഞ് പുത്തൻകുരിശ് സ്വദേശിയിൽ നിന്ന് മൂന്നുലക്ഷം രൂപയും തട്ടിയെടുത്തു. ബെവ്‌ക്കോയുടെ വ്യാജ ലെറ്റർ പാഡിൽ നിയമന ഉത്തരവും നൽകിയിരുന്നു. ജോലിയിൽ പ്രവേശിക്കാൻ പോകുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് നിയമന ഉത്തരവുകൾ മാറ്റി മാറ്റി നല്കിയാണ് തട്ടിപ്പ് നടത്തിയത്. ബെവ്‌കോയുടെ പേരിൽ മൂന്ന് കത്തുകൾ യുവാവിന് നല്കിയിട്ടുണ്ട്. ഇയാളിൽ നിന്ന് നാലര ലക്ഷം രൂപ പണമായാണ് വാങ്ങിയത്. മിൽമയിൽ ജോലി വാഗ്ദാനം ചെയ്ത് ചെക്ക് വാങ്ങുകയായിരുന്നു. ജിനരാജ് റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നും, രാഷ്ട്രീയക്കാരനാണെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്. നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഔഷധി, ടെൽക് എന്നീ സ്ഥാപനങ്ങളിലും ഇവർ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികളെ നേരിട്ട് കണ്ടെത്തി വലയിൽ വീഴിക്കുകയാണ് രീതി. സ്ഥിരം നിമയമനമാണ് നല്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്. പണം കൊടുത്തവർ നിയമനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസിലാക്കുന്നത്. തുടർന്നാണ് പരാതി നല്കിയത്. കൂടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്. ജിനരാജിന് അമ്പലമേട് സ്റ്റേഷനിൽ സമാനമായ തട്ടിപ്പ് കേസുണ്ട്. എറണാകുളം നോർത്തിലും, ഞാറക്കൽ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന കേസുകളുണ്ട്. പ്രതികളെ പൊലീസ് കുടുക്കിയതോടെ ഹൈക്കോടതിയിലെ ഗവ. പ്ളീഡറാണെന്ന് വരെ പരിചയപ്പെടുത്തി സ്റ്റേഷൻ നമ്പറിലേക്ക് വിളി വന്നിരുന്നു. ആ നമ്പർ കണ്ടെത്തി അന്വേഷിക്കാനും പൊലീസ് നീക്കം തുടങ്ങി. ഇവർക്ക് പിന്നിൽ ഗൂഡ സംഘമുള്ളതായി പൊലീസ് സംശയിക്കുന്നു. ഇവർ പിടിയിലാതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി വരുന്നത്. സബ് ഇൻസ്‌പെക്ടർമാരായ എ.എൽ. അഭിലാഷ്, കെ.ആർ. ഹരിദാസ്, എ.എസ്.ഐമാരായ കെ.പി. വേണുഗോപാൽ, ജെ. സജി, എസ്.സി.പി.ഒമാരായ ടി.എ. അഫ്‌സൽ, ജോബി ചാക്കോ, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്