നിർവാൻ്റെ മരുന്നിന് ഇനി 80 ലക്ഷത്തിൻ്റെ ദൂരം; 11 കോടി നൽകി അജ്ഞാതൻ.
അപൂർവ ജനിതക രോഗം സ്ഥിരീകരിച്ച നിർവാൻ സാരംഗ് എന്ന ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിൽ 16 കോടിയിലധികം രൂപയായി.


സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതക രോഗം സ്ഥിരീകരിച്ച നിർവാൻ സാരംഗ് എന്ന ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിൽ 16 കോടിയിലധികം രൂപയായി.അമേരിക്കയിൽ നിന്ന് മരുന്നെത്തിക്കാൻ 17 കോടി രൂപയിലേറെയാണ് ചിലവ് വരിക. ഇനി വേണ്ടത് 80 ലക്ഷത്തോളം രൂപയാണ്.
1.4 മില്യൻ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ) പേര് വിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരാൾ നിർവാണിന്റെ ചികിത്സക്കായി നൽകിയത്. ഇതോടെയാണ് ചികിത്സാ സഹായ നിധിയിൽ 16 കോടിയിലധികം രൂപയായത്. തന്നേക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്നും കുഞ്ഞ് നിര്‍വാൻ എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നു മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം അറിയിച്ചത്.


മെർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ സാരംഗിനും ഭാര്യ അതിഥിയ്ക്കും ജീവിതത്തിലെ മുഴുവൻ സമ്പാദ്യമെടുത്താലും ഈ വലിയ തുക കണ്ടെത്താനാവില്ല. വലിയൊരു തുക ഒരുമിച്ച് ലഭിച്ചതോടെ ഏറെ ആശ്വാസത്തിലാണ് നിർവാണിന്റെ രക്ഷിതാക്കളായ സാരംഗും അതിഥിയും. എൺപത് ലക്ഷം രൂപ കൂടി ലഭിച്ചാൽ കുഞ്ഞിനായുള്ള മരുന്നെത്തിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബം.