

കാസർഗോഡ് : ആര്‍എസ്എസ്- ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയെ വീണ്ടും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫയര്‍ പാര്‍ട്ടി ത്രയത്തിന് ഇതിൽ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടി. വെല്‍ഫയര്‍ പാര്‍ട്ടി ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
”എന്താണ് ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസുമായി ചർച്ച ചെയ്യാനുള്ളത്? ആർക്കു വേണ്ടിയാണ് ആ ചർച്ച? അത് ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാകാനിടയില്ല. കാരണം ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും, ഈ രണ്ടു വിഭാഗത്തിലും മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവർ ആർഎസ്എസിന്റെ വർഗീയത തിരിച്ചറിയുന്നവരുമാണ്. ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസുമായി ചർച്ച നടത്തിയതിന് പിന്നാലെ, മുസ്ലിം വിഭാഗത്തിലെ ഒട്ടേറെ സംഘടനകൾ, ആ നിലപാടിനെ നിശിതമായി വിമർശിച്ചു രംഗത്തു വന്നിട്ടുണ്ട്. ന്യൂനപക്ഷം പൊതുവിൽ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമിയുടെ ഭാഗത്തുനിന്നു വന്നത്”- മുഖ്യമന്ത്രി പറഞ്ഞു.