



അർദ്ധരാത്രി ഉറക്കത്തിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് നാസറിനെ (42) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നിഷയെയാണ് (38) കൊലപ്പെടുത്തിയത്. നാസർ വർഷങ്ങളായി മാനസീക രോഗത്തിന് ചികിത്സയിലുള്ള ആളാണ്.
ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്
വീട്ടിൽ നിന്നും മാറിബന്ധുവീട്ടിൽനിന്ന് പഠനം നടത്തുന്ന മകൻ തിങ്കളാഴ്ച രാത്രി വീട്ടിൽ എത്തിയിരുന്നു.
എന്നാൽ പിതാവുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് തൊട്ടടുത്ത ബന്ധുവീട്ടിൽ പോയാണ് കിടന്നത്. രാത്രി രണ്ട് മണിയോടെ വീട്ടിലെ ഒരു കിടപ്പു മുറിയിൽ കിടന്നുറങ്ങിയ ഭാര്യയെ താൻ സ്വന്തം മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയെന്ന് നാസർ പൊലീസിന് മൊഴി നൽകി.
അർദ്ധരാത്രി 2 നും 4 നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം.
4 മണിക്ക് വീട്ടിൽ നിന്നും ഇയാൾ പുറത്തിറങ്ങി പള്ളിയുടെ ഭാഗത്തേയ്ക്ക് നടന്നു പോകുന്നത് കണ്ടവരുണ്ട്.
ചൊവ്വാഴ്ച്ച രാവിലെ തൊട്ടടുത്ത് വീട്ടിൽ പോയി രാത്രി ഉറങ്ങാൻ കിടന്ന ഭാര്യ വിളിച്ചിട്ട് എഴുന്നേല്ക്കുന്നില്ലെന്ന് നാസർ പറഞ്ഞതനുസരിച്ച് എത്തിയവരാണ് കട്ടിലിൽ മൂക്കിൽ നിന്നും ചോര വാർന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻ കുന്നത്തുനാട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ വിദഗ്ദ പരിശോധനയിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടും പരിശോധിച്ചാണ് കൊലപാതകമാണെന്ന് ഉറപ്പാക്കിയത്.
പിതാവ് ഇടക്ക് അക്രമാസക്തനാകുന്നതിനാൽ ഏറെ നാളുകളായി ബന്ധുവീട്ടിലാണ് മകൻ താമസിയ്ക്കുന്നത്.
മകൾ ആലുവയിലെ അറബിക് കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്.
കുന്നത്തുനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.ഫോറൻസിക് , വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു.
മകൻ ആസിഫ് , മകൾ തഫ്സീറ

