പെരുമ്പാവൂർ പൂപ്പാനി നമ്പൂരിശ്ശൻ ക്ഷേത്രത്തിലെ മോഷണം.ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ


പെരുമ്പാവൂർ കാരാട്ടുപള്ളിക്കര പൂപ്പാനി നമ്പൂരിശ്ശൻ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ, മൂർഷിദാബാദ് സ്വദേശി ഉജ്ജ്വല്‍ 38 ആണ് പിടിയിൽ ആയത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ക്ഷേത്രത്തിലെ നിവേദ്യപാത്രങ്ങളും നിലവിളക്കുകളും മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലർ സി കെ രാമകൃഷ്ണൻ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.


ഇതിനിടയിൽ വ്യാഴാഴ്ച രാത്രി തണ്ടേക്കാട് എത്തി മോഷണ മുതലുകൾ വിൽക്കാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവച്ചു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. നിരവധി ആരാധനാലയങ്ങളിൽ നിന്ന് വിളക്ക്, പണം, പാത്രങ്ങൾ എന്നിവ മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത് എന്ന് പോലീസ് പറഞ്ഞു. പെരുമ്പാവൂർ ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.