പട്ടിമറ്റം കുമ്മനോട് മാന്ത്രക്കൽ അമ്പലത്തിന് സമീപം ബൈക്ക് കനാലിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു:രാത്രിയിൽ കാണാതായി; മൃതദേഹം കണ്ടത് രാവിലെ






ബൈക്ക് കനാലിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പട്ടിമറ്റം കൈതക്കാട് കല്ലേരിൽ പരേതനായ ചന്ദ്രന്റെ മകൻ കെ.സി. സന്തോഷാണ് (41) മരിച്ചത്. ഞായർ രാത്രി പട്ടിമറ്റത്ത് നിന്നും കുമ്മനോട്ടിലെ വീട്ടിലേയ്ക്ക് പോകും വഴി കുമ്മനോട് മാന്ത്രയ്ക്കൽ അമ്പലത്തിന് മുന്നിലുള്ള പെരിയാർ വാലി കനാലിലേയ്ക്കാണ് വീണത്.
അടുത്തയിടെ ബണ്ട് പൊട്ടിയതിനെ തുടർന്ന് പണി പൂർത്തിയാക്കിയ ഭാഗത്ത് ഒരു വശം ചേർന്നാണ് ബൈക്ക് കിടന്നത്. അതിനടുത്ത് മൂന്ന് മീറ്റർ ദൂരത്തായിരുന്നു സന്തോഷിനെ കമഴ്ന്ന നിലയിൽ കണ്ടെത്തിയത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും രാത്രി വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കനാൽ ബണ്ടിനോട് ചേർന്ന് കിടന്ന ബൈക്ക് കണ്ടത്താനായില്ല. തിങ്കളാഴ്ച്ച രാവിലെ 7 മണിയോടെ സമീപവാസികൾ ബൈക്ക് കനാലിൽ കിടക്കുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പൂജ, പാങ്കോട് ചക്യാംപുറത്ത് കുടുംബാംഗം. മക്കൾ: ആദവ്, ആരുഷ്. മാതാവ്: ലീല. കുന്നത്തുനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 7ന് വീട്ടുവളപ്പിൽ





