

പുത്തൻകുരിശിൽ മത്സ്യമാർക്കറ്റിന് സമീപം തിരുവാണിയൂർ പഞ്ചായത്ത് വക പുറമ്പോക്ക് സ്ഥലത്ത് തീപിടുത്തമുണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഉദ്ദേശം അര ഏക്കറോളം വരുന്ന സ്ഥലത്ത് ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനും, അടിക്കാടിനുമാണ് ഞായറാഴ്ച്ച വെളുപ്പിന് തീപിടിച്ചത്. പാഴ്മരങ്ങൾക്കും ഉണങ്ങിനിന്ന വള്ളി ചെടികൾക്കും മറ്റ് മാലിന്യത്തിനും രാവിലെ 6 മണിയോടെ തീപിടിച്ച് ശക്തമായ തീയും, ദുർഗന്ധവും ഉണ്ടായിരുന്നു. പട്ടിമറ്റം അഗ്നി രക്ഷാനിലയത്തിൽ നിന്നെത്തിയ യൂണിറ്റ് ഏറെ പ്രയാസപ്പെട്ടാണ് തീ അണച്ചത്.കൂടിക്കിടന്നിരുന്ന മാലിന്യത്തിന് ആരോ തീയിട്ടതാകാം അഗ്നിബാധയുണ്ടാവാൻ കാരണമെന്നാണ് പ്രാഥമീക നിഗമനം. ശക്തമായ ചൂടും പുകയും മൂലം തീയുടെ പരിസരത്തേക്ക് രക്ഷാതൗത്യവുമായി എത്തുവാൻ ഫയർഫോഴ്സ് നന്നേബുദ്ധിമുട്ടി.സ്റ്റേഷർ ഓഫീസർ എൻ.എച്ച്.അസൈനാർ , ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എൻ.ടി.ബാലൻ എന്നിവരുടെ നേതൃതത്തിൽ സേനാംഗങ്ങളായ വി.വൈ.ഷമീർ, എസ്.വിഷ്ണു, ആർ.രതീഷ്.എസ്.ഷൈജു, ദീപേഷ് ദിവാകരൻ, എം.വി.വിത്സൺ എന്നിവർ ചേർന്നാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.