

തിരുവനന്തപുരം: കുട്ടികളിൽ തൊഴിൽ ഭാവം വളർത്താൻ അഞ്ചാം ക്ലാസ് മുതൽ പാഠപുസ്തകങ്ങളിൽ തൊഴിൽ പഠനം കൂടി ഉൾക്കൊള്ളിക്കാൻ തീരുമാനം. പ്രവർത്തി പരിചയ ക്ലാസുകൾ ഇതിനായി വിനിയോഗിക്കാൻ തീരുമാനം. ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും പ്രവർത്തി പരിചയക്ലാസുകൾ. പഠനത്തോടൊപ്പം തൊഴിൽ പ്രാപ്തമാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കുട്ടി പത്താം ക്ലാസ് പഠിച്ചിറങ്ങുമ്പോഴേക്കും സ്വന്തം വീട്ടിലെ ജോലികൾ ഒക്കെ ചെയ്യാൻ പ്രാപ്തമാക്കുകയെന്നതാണ്.


ഇതിനുശേഷം ഹയർസെക്കൻഡറിയിൽ പ്രത്യേക തൊഴിൽ മേഖലയിൽ പ്രവീണ്യം വളർത്താനുള്ള പാഠങ്ങളും ഉണ്ടാകും. ഇത് കുട്ടികൾ ലക്ഷ്യബോധം വളർത്തിയെടുക്കുന്നതിന് സഹായകമാകും. പ്ലസ് ടു പഠിച്ചിറങ്ങുമ്പോഴേക്കും ഏത് തൊഴിൽ മേഖലയിലേക്ക് തിരിയണമെന്ന് കുട്ടികൾക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടാകും.


അനുഭവം അടിസ്ഥാനത്തിൽ ആയിരിക്കും തൊഴിൽ പരിചയം പഠിപ്പിക്കുക. ഇതിനായി വിദ്യാർത്ഥികൾക്ക് പ്രത്യേക വർക്ക് ബുക്കും ഉണ്ടായിരിക്കും. ഭക്ഷ്യ വ്യവസായം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കൃഷി, പ്ലംബിംഗ്,മാലിന്യ സംസ്കരണം, കരകൗശലം, സാമ്പത്തിക സാക്ഷരത തുടങ്ങിയവ ആയിരിക്കും തൊഴിലുകൾ.
എന്നാൽ ഐ.ടി നിലവിൽ പഠി പ്പിക്കുന്നതിനാൽ തൊഴിലിൽ ഉൾപ്പെടുത്തിയിട്ടില്ല. കുട്ടികൾ സ്വയം വരയ്ക്കുന്ന ചിത്രങ്ങളും പാഠഭാഗങ്ങളിൽ ചേർത്താണ് തൊഴിൽ പരിശീലനം നൽകുക എന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. യോഗയും ഇതിൽ ഉൾപ്പെടുത്തും.വ്യായാമമുറ പരിശീലിക്കുക എന്നുള്ളത് കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. ഇതിനുവേണ്ടി ആഴ്ചയിൽ മൂന്ന് പീരിയഡുകൾ ഉപയോഗിക്കും. കലാ വിദ്യാഭ്യാസം നാടൻപാട്ട് മുതൽ ഡിസൈനിങ് വരെയുള്ളതാണ്. പടയണി,കുമ്മാട്ടി,നാടകം, നൃത്തം,തുടങ്ങിയവയും അഭ്യസിപ്പിക്കും. സംഗീതത്തിൽ നാടൻപാട്ട്,ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചിത്രം, ശില്പം,പരസ്യം,ഡിസൈനിങ് തുടങ്ങിയവയും കലാ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.