

കേരളത്തിൽ വീണ്ടും കോവിഡ് കേസുകളിൽ വർദ്ധന. ജെ.എൻ 1എന്ന അതി വ്യാപന ശേഷിയുള്ള ഉപ വകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് നിരക്കുകൾ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടർന്ന് രണ്ടു മരണങ്ങൾ കൂടി രേഖപ്പെടുത്തിയിരുന്നു. പനി ബാധിച്ച ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് രോഗികളുടെ നിരക്ക് പെടുന്നനെ കൂടിയതായി കണ്ടെത്തിയത്.


കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തുനിന്നും ശേഖരിച്ച് കോവിഡ് പോസിറ്റീവ് സാമ്പിളിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ജെ എൻ വൺ എന്ന ഉപ വകഭേദം ഒരേസമയം രോഗപ്രതിരോധശേഷി കുറയ്ക്കുകയും അതേസമയം വ്യാപന ശേഷി കൂടുതൽ ഉള്ളതുമായ വൈറസാണ്. ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളിൽ ഈ വക ഭേദം കണ്ടുവരുന്നുമുണ്ട്.
ജെ. എൻ 1 എന്ന ഉപവകഭേദം പിരോള എന്ന വക ഭേദത്തിന്റ പിൻമുറക്കാരനാണ്.
പനി,മൂക്കൊലിപ്പ്,തൊണ്ടവേദന,തലവേദന,ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ഇത്തരം രോഗികളിൽ ശ്വാസകോശ സംബന്ധമായ അണുബാധ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. മഞ്ഞുകാലങ്ങളിൽ ഈ രോഗത്തിന്റെ വ്യാപനം കൂടുതൽ ആയിരിക്കും. പുതുതായി കണ്ടുവരുന്ന അഞ്ച് കോവിഡ് കേസുകൾക്കും പിന്നിൽ ഈ വൈറസ് എന്നാണ് സിഡിസി പറയുന്നത്.
കേരളത്തിൽ ഉപവകഭേദം കണ്ടെത്തിയതിൽ ആശങ്ക വേണ്ടയെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരിക്കുന്നത്