കുന്നത്തുനാട് നിയോജക മണ്ഡലം ഓണാഘോഷം ; – ലാവണ്യം 2023 ന് ഞായറാഴ്ച്ച തിരി തെളിയും






കുന്നത്തുനാട് മണ്ഡലം ഓണാഘോഷം കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം -2023 ഇന്ന് തുടക്കമാകും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ആറ് ദിനം നീളുന്ന ഓണാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടികൾക്ക് തുടക്കം കുറിച്ച് 20-ാം തീയതി ഞായറാഴ്ച്ച രാവിലെ 9 ന് സെൻ്റ് പീറ്റേഴ്സ് കോളജ് മൈതാനിയിൽ പി.വി.ശ്രീനിജിൻ എം.എൽ.എ.പതാക ഉയർത്തും. തുടർന്ന് രാവിലെ 10 മുതൽ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ പൂക്കള മത്സരം നടക്കും. 15000, 10000, 5000 എന്നി ക്രമത്തിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും.
വൈകിട്ട് 3 ന് വിളംബര ജാഥയും നടക്കും. നാളെ ( തിങ്കൾ) വൈകിട്ട് 3ന് ബ്ലോക്ക് ജംഗ്ഷനിൽ നിന്നും വർണ ശമ്പളമായ ഘോഷയാത്ര ആരംഭിക്കും. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകും. കുടുംബശ്രീ അംഗങ്ങൾ പഞ്ചായത്തുകളുടെ ബാനറിന് കീഴിൽ അണിനിരക്കും. ഗ്രന്ഥശാല പ്രവർത്തകരും ആശവർക്കർമാരും ഹരിത സേന അംഗങ്ങളും പങ്കെടുക്കും. മികച്ച രീതിയിൽ അണിനിരക്കുന്ന ടീമിന് 25000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15000, 10000 രൂപയും നൽകും.


5.30ന് കോളജ് മൈതാനിയിൽ ചേരുന്ന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. പി.വി.ശ്രീനിജിൻ എം.എൽ.എ.അധ്യക്ഷത വഹിക്കും. വിപണന മേളയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി.യും കുടുംബശ്രീയുടെ ജില്ലാതല വിപണനമേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷും മുഖ്യ പ്രഭാഷണം മുൻ ജി.സി.ഡി.എ.ചെയർമാൻ സി.എൻ.മോഹനനും നിർവഹിക്കും. സംവിധായിക കുമാരി ആയിഷ സുൽത്താന മുഖ്യാതിഥിയാകും. തുടർന്ന് പ്രസീത ചാലക്കുടി നയിക്കുന്ന സംഗീത സായാഹ്നം നടക്കും. എല്ലാ ദിവസവും രാവിലെ 11 ന് വിപണന മേള ആരംഭിക്കും.
22 ന് രാവിലെ 11 ന് ചെറുകിട വ്യവസായ വാണിജ്യ സംരംഭക സംഗമം നടക്കും. വൈകിട്ട് 7ന് സിനിമാ താരം സുമേഷ് ചന്ദ്രൻ നയിക്കുന്ന മെഗാഷോ. 23 ന് രാവിലെ 11 ന് കുടുംബശ്രീ സെമിനാർ. ഉച്ചക്ക് 2 ന് ജനപ്രതിനിധികളുടെ വടംവലി മത്സരം അരങ്ങേറും. തുടർന്ന് കുടുംബശ്രീ കലോത്സവം നടക്കും. 24 ന് വൈകിട്ട് കൊല്ലം അയനം നാടക വേദിയുടെ അവനവൻ തുരുത്ത് എന്ന നാടകം അരങ്ങേറും. 25 ന് വൈകിട്ട് 7 ന് മെഗാഷോയും തുടർന്ന് ഡി.ജെ. നൈറ്റും രാത്രി 10 മുതൽ കോലഞ്ചേരി ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന രാത്രികാല വിപണനമേളയും നടക്കും. 26 ന് വൈകിട്ട് 5 സമാപന സമ്മേളനം നടക്കും. തുടർന്ന് ഫായിസ് മുഹമ്മദ് നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡ് ലൈവ് നടക്കും. .

