തട്ടിപ്പിൽ വീഴരുത് ; എസ്ബിഐയുടെ മുന്നറിയിപ്പ്
അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയയ്ക്കുന്നില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) സ്ഥിരീകരിച്ചു


ദില്ലി: പാൻ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ ക്ലോസ് ചെയ്യുകയോ ചെയ്യുമെന്ന അറിയിപ്പുകൾ വ്യാജമാണെന്ന് എസ്‌ബിഐ. എസ്‌ബിഐയുടെ യോനോ ആപ്പിലെ അക്കൗണ്ട് ഉടമകൾക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എസ്ബിഐയുടെ എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണ്, പാൻ കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്ക് സഹിതമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഈ സന്ദേശങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയയ്ക്കുന്നില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) സ്ഥിരീകരിച്ചു.
ബാങ്കിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന് എസ്ബിഐ ഉപഭോക്താക്കൾക്ക് വിവിധ സൗകര്യങ്ങൾ നൽകുന്നുണ്ട്. എസ്‌ബിഐയുടെ യോനോ മൊബൈൽ ബാങ്കിംഗ് ആപ്പിന്റെ ഉപയോഗം സമീപ വർഷങ്ങളിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്, ഇത് ഉപഭോക്താക്കളെ അവരുടെ വീട്ടിൽ നിന്ന് തന്നെ അക്കൗണ്ടുകൾ തുറക്കാനും വിവിധ ബാങ്കിംഗ് ഇടപാടുകൾ നടത്താനും അനുവദിക്കുന്നു. അതേസമയം, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മൊബൈൽ നമ്പറുകൾ, ആധാർ നമ്പറുകൾ, പാൻ കാർഡ് നമ്പറുകൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നമ്പറുകൾ, ഒടിപികൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും പങ്കിടരുതെന്നും ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എസ്ബിഐയുടെ ഉപഭോക്താക്കൾ എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി മാത്രം അക്കൗണ്ട് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക. ഉപഭോക്താക്കൾക്ക് സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം. അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം. ബാങ്കുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്ത സ്ഥിരീകരിക്കാൻ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.