CRIME

തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ വിദേശത്തേയ്ക്ക് കടത്തുവാൻ ശ്രമം; ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

കുവൈറ്റിൽ എത്തിച്ച ശേഷം അവിടത്തെ ഏജൻറിന് കൈമാറുകയായിരുന്നു ലക്ഷ്യം

തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പിള്ളി തിരുവെരുമ്പൂർ മുഹമ്മദ് ഹനീബ (42) യെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപെട്ട് രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2022 ജൂലൈ 17 ന് ആണ് വിദേശത്തേക്ക് കടത്താൻ ഏഴ് യുവതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ഇതിന്‍റെ അന്വേഷണം ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽ നോട്ടത്തിൽ നടന്നുവരികെയാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തിരിച്ചിറപ്പിള്ളിയിൽ നിന്നും പിടികൂടിയത്. ഉൾഗ്രാമങ്ങളിൽ നിന്ന് നിരക്ഷരരും, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നതുമായ സ്ത്രീകളെ കണ്ടെത്തി അവർക്ക് സൗജന്യമായി പാസ്പോർട്ട്, വിസ, ടിക്കറ്റ്, മെഡിക്കൽ സൗകര്യം എന്നിവ ഇവർ ശരിയാക്കിക്കൊടുക്കും.

ദുബൈയിലേക്കുള്ള വിസിറ്റ് വിസയയുമാണ് വിമാനത്താവളത്തിലെത്തിയത്. ദുബൈയിലെത്തിയ ശേഷം കുവൈറ്റ് വിസയടിച്ച പേജ് പാസ്പോർട്ടിൽ തുന്നിച്ചേർത്ത് കുവൈറ്റിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകൾക്ക് കുവൈറ്റിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഈ തന്ത്രം ഉപയോഗിക്കുന്നതെന്നാണ് പ്രതികൾ പറയുന്നത്.

കുവൈറ്റിൽ എത്തിച്ച ശേഷം അവിടത്തെ ഏജൻറിന് കൈമാറുകയായിരുന്നു ലക്ഷ്യം. മുപ്പതിനും നാൽപ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ടു ജോലിക്കെന്നും പറഞ്ഞാണ് കൊണ്ടുപോകുന്നത്. വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. ഡി.വൈ.എസ്.പി വി.രാജീവ്, എസ്.ഐമാരായ സന്തോഷ് ബേബി, എൻ.സാബു, എ.എസ്.ഐ ഇ.ബി.സുനിൽ കുമാർ, എസ്.സി.പി. ഒമാരായ പി.ആർ.ശ്രീരാജ്, എൻ.എസ്.സുധീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button