യുവാവിനെ വധിക്കാൻ ശ്രമിച്ച് മോഷണം നടത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ




കോടനാട് കുറിച്ചിലക്കോട് നാരോത്ത്കുടി വീട്ടിൽ ആൻസൺ (26), സഹോദരനായ ആൽബിൻ (24), കുറിച്ചിലക്കോട് പനമ്പിള്ളി വീട്ടിൽ വിഷ്ണു (28), കൂവപ്പടി കൊരുമ്പുശേരി അമ്പാട്ട് മാലിൽ വീട്ടിൽ ഗോകുൽ സജി (23) , ചാലക്കുടി കൊരട്ടി മാളിയേക്കൽ വീട്ടിൽ ഷൈൻ (26), തോട്ടുവ കൃഷ്ണൻ കുട്ടി റോഡിൽ വടക്കേപ്പുറത്താൻ വീട്ടിൽ പവൻ (25) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യ മൂന്നുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും, അടുത്ത രണ്ട് പേർ പ്രതികളെ രക്ഷപ്പെടാനും, ഒളിവിൽ കഴിയാനും സഹായിച്ചവരും, പവൻ ഇവർക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തയാളുമാണ്.
21 ന് കുറിച്ചിലക്കോട് അകനാട് റോഡിലാണ് സംഭവം. ഐമുറി സ്വദേശി ജോസ്മോനേയാണ് സംഘം വധിക്കാൻ ശ്രമിച്ചത്. റോഡരികിൽ വച്ച് ജോസ്മോനെ ചവിട്ടി വീഴ്ത്തിയ ശേഷം കമ്പിവടിയും, വടിവാൾ പോലുള്ള ആയുധം കൊണ്ടും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. യുവാവ് സഞ്ചരിച്ച ഇരുചക്ര വാഹനവും, ക്യാമറയും ലൈററും അടങ്ങിയ ബാഗും മോഷ്ടിച്ച ശേഷം പ്രതികൾ ഒളിവിൽപ്പോയി. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്താൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ആൻസനും, ആൽബിനും വധശ്രമ മുൾപ്പടെ നാല് കേസുകൾ വീതവും, ഗോകുൽ സജിക്കെതിരെ മയക്ക്മരുന്ന് കേസും, പവനെതിരെ ആക്രമണത്തിന് ഒരു കേസും നിലവിലുണ്ട്.


കോട്ടപ്പടി ഇൻസ്പെക്ടർ എം.ശ്രീകുമാർ, കോടനാട് എസ്.ഐ പി.ജെ.കുര്യാക്കോസ്, എ.എസ്.ഐ പി.വി.തങ്കച്ചൻ , എസ്.സി.പി.ഒ മാരായ എ.പി.രജീവ്, എബി മാത്യു, എം.ബി.സുബൈർ, സി.ഡി.സെബാസ്റ്റ്യൻ, പ്രസീൺ രാജ് സി.പി.ഒ മാരായ ബെന്നി ഐസക്, കെ.വിനോദ്, സുധീർ, പി.എ.നൗഫൽ തുടങ്ങിയവരാണ് അനേഷണ സംഘത്തിലുള്ളത്.