KERALA

കൊച്ചി മെട്രോ ആറാം വാർഷികം; കൊച്ചി മെട്രോ മെഗാ ഫെസ്റ്റിന് നാളെ തുടക്കം, ആഘോഷ പരിപാടികളൊരുക്കി കൊച്ചി മെട്രോ

സംസ്ഥാനത്തിന്റെ തന്നെ പൊതു ഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ഈ ജൂൺ പതിനേഴിന് ആറ് വർഷം തികയുകയാണ്. കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച ജൂൺ പതിനേഴ് കഴിഞ്ഞ വർഷം മുതൽ കേരള മെട്രോ റെയിൽ ഡേ ആയി ആചരിച്ച് വരികയാണ്.

ആറാം വാർഷികത്തോടനുബന്ധിച്ചും കേരള മെട്രോ റെയിൽ ദിനാചരണത്തിന്റെയും ഭാഗമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഒരുക്കുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരിൽ നാളെ മുതൽ മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.

കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും.

30,40,50,60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്നത് സ്വാഗതാർഹമാണ്. ഏപ്രിൽ മാസത്തിൽ ദിവസേന ശരാശരി 75831 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. മെയ് മാസത്തിൽ ദിവസേന ശരാശരി 98766 ആളുകൾ യാത്ര ചെയ്തു. മെയ് മാസത്തിൽ പന്ത്രണ്ട് ദിവസങ്ങളിൽ ഒരുലക്ഷത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കൂടാതെ 13 ദിവസം തൊണ്ണൂറ്റി അയ്യായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ട്. വിവിധ ഓഫറുകളും യാത്രാ പാസ്സുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയും താരസംഘടനയായ അമ്മയും ചേർന്നൊരുക്കുന്ന മെട്രോ ഷോർട്ട് ഫിലിം മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അറുപതിലേറെ ടീമുകൾ പങ്കെടുക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ക്യാഷ് പ്രൈസുകളാണ്. സിനിമ നിർമ്മാതാക്കളായ മഹാ സുബൈർ വർണ്ണചിത്ര പ്രൊഡക്ഷൻസ് ആണ് ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്യുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 25000, 15000, 10000 രൂപ വീതമാണ് സമ്മാനം ലഭിക്കുക.

പതിനൊന്ന് മുതൽ പതിനേഴാം തീയതി വരെ ആലുവ, കളമശേരി, പാലാരിവട്ടം, കലൂർ, എം ജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ എട്ട് സ്റ്റേഷനുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രദർശന-വിൽപ്പന മേള സംഘടിപ്പിക്കുന്നുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക്കും കൊച്ചി മെട്രോയുടെ പിറന്നാളാഘോഷങ്ങളിൽ പങ്കാളികളാകുന്നുണ്ട്.

വാർഷിക ദിനമായ ജൂൺ പതിനേഴിന് എഡ്രാക്കിന്റെ നേതൃത്വത്തിൽ കലൂർ മെട്രോ സ്റ്റേഷനിൽ വിവിധ ഉത്പന്നങ്ങളുടെ പ്രദർശന-വിൽപ്പന മേള ഒരുക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഭാരത് പെട്രോളിയത്തിന്റെ സഹകരണത്തോടെ കൊച്ചി മെട്രോ “ബോബനും മോളിയും” എന്ന പേരിൽ ഓപ്പൺ ക്വിസ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രായഭേദമെന്യേ ഒരു പുരുഷനും ഒരു വനിതയുമടങ്ങുന്ന ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങൾ കൊച്ചി മെട്രോയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നടക്കും. മെട്രോ ദിനമായ ജൂൺ 17 ന് ഉച്ചക്ക് 2 മണിക്ക് പ്രിലിമിനറി റൗണ്ടും തുടർന്ന് സെമി ഫൈനലും ഫൈനലും വൈറ്റില മെട്രോ സ്റ്റേഷനിൽ വച്ച് നടക്കും. ക്വിസ് മത്സരത്തിൽ മുൻ കൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അവസരം. രജിസ്‌ട്രേഷൻ ഫീ ഇല്ല. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +91 79076 35399 എന്ന നമ്പറിൽ ബന്ധപ്പെടാം.

ജൂൺ പതിനേഴിന് ചിത്രരചന മത്സരവും 15 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കായി ചെസ് മത്സരവും സംഘടിപ്പിക്കുണ്ട്.

ജൂൺ പത്തിന് ഇടപ്പിള്ളി മെട്രോ സ്റ്റേഷനിൽ സാം അക്കാദമിയുടെ സഹകരണത്തോടെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ പൊതുജനങ്ങൾക്കായി വിവിധ ബോർഡ് ഗെയിമുകളും പതിനൊന്നിന് ഉച്ചക്ക് രണ്ട് മണി മുതൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ ചെസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

ജൂൺ പതിനഞ്ചിന് കൊച്ചി മെട്രോയുടെ ട്രെയിനുകളിൽ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകൾ തത്സമയം വരച്ച് സമ്മാനിക്കും. തുടർന്ന് ഇവയിൽ ചില കാരിക്കേച്ചറുകൾ തിരഞ്ഞെടുത്ത ട്രെയിനുകളിൽ പ്രദർശിക്കും.

ജൂൺ പതിനാറിന് എസ്.സി.എം.എസ് കോളേജിന്റെ സഹകരണത്തോടെ ഒരു ദിവസം നീണ്ട് നിൽക്കുന്ന പൊതുഗതാഗത കോൺക്ലേവ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംഘടിപ്പിക്കും. “റീ-ഇമാജിനിംഗ് പബ്ളിക് ട്രാൻസ്പോർട്ട് ഇക്കോസിസ്റ്റം” എന്ന വിഷയത്തിലാണ് കോൺക്ലേവ്.

ജൂൺ 22 മുതൽ 25 വൈറ്റില മെട്രോ സ്റ്റേഷനിൽ എം ക്ലബ്ബ് എന്റർടെയ്ൻമെന്റിന്റെ സഹകരണത്തോടെ ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റും ഒരുക്കുന്നുണ്ട്. വിവിധയിനം മാങ്ങകൾ, ചെടികൾ എന്നിവയ്ക്കൊപ്പം എക്സോട്ടിക് പെറ്റ്സ് സ്റ്റാളുകളും ഫെസ്റ്റിൽ ഒരുക്കുന്നുണ്ട്.

കൊച്ചി മെട്രോയുടെ വാർഷിക ആഘോഷ പരിപാടികളിൽ പങ്കാളികളാകാൻ എല്ലാവരെയും മെട്രോ സ്റ്റേഷനുകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button