



വാട്ടർ അതോറിറ്റി കുഴിച്ച് കുഴിച്ച് പട്ടിമറ്റം കവല പാതാളമായി. കാൽനടയാത്രക്കാർ റോഡിന് നടുവിലൂടെ യാത്രചെയ്യേണ്ട അവസ്ഥയും . ടൗണിന്റെ ഒത്ത നടുവിൽ ഇടവേളകളുടെ വ്യത്യാസത്തിലാണ് കുഴിയെടുക്കുന്നത്. ജലവിതരണത്തിനുള്ള പൈപ്പ് ഇടയ്ക്കിടയ്ക്ക് പൊട്ടുന്നതുകൊണ്ട് എപ്പോഴും കുഴിയ്ക്കുവാൻ പറ്റില്ലെന്ന കാരണമാണ് വാട്ടർ അതോറിറ്റിയുടെ വക നാട്ടുകാരോടുള്ള മറുപടി.കഴിഞ്ഞ മൂന്ന് മാസമായി നിരവധി തവണയാണ് ഇവിടെ പൈപ്പ് തകരാറിലായത്.പേരിനൊന്ന് നന്നാക്കിയതിന് ശേഷം കുഴി മണ്ണിട്ട് മൂടി ജോലിക്കാർ പോകും പിന്നീടുള്ള ദിവസങ്ങൾ നാടിന് തന്നെ തലവേദനയും. ജംഗ്ഷനിൽ പലയിടങ്ങളിലും ഇത് തന്നെയാണ് അവസ്ഥ.ചൂട് കാലാവസ്ഥയായതിനാൽ കഠിനമായ പൊടിശല്യവും പ്രദേശത്ത് രൂക്ഷമാകും.


കാലഹരണപ്പെട്ട പൈപ്പുകൾ യഥാസമയം മാറ്റി ജലവിതരണം സുഗമമാക്കി മാറ്റേണ്ടതിന് പകരം നിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ച് ഒപ്പിച്ചുവയ്ക്കുന്നതാണ് ഈ കുഴപ്പങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.ഭൂമിക്കടിയിലെ മർദ്ദം താങ്ങാവുന്ന പൈപ്പുകൾ ജലവിതരണത്തിന് ഉപയോഗിക്കാമെന്നിരിക്കെയാണ് ഇത്തരം ആരോപണങ്ങൾ ശരിവയ്ക്കേണ്ടി വരുന്നത്.അറ്റകുറ്റ പണികൾക്കുശേഷം ശരിയായ രീതിയിൽ കുഴികൾ അടച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നാട്ടുകാർ അറിയിച്ചു.

