KERALA

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് നൂറ് പാലങ്ങൾ പൂർത്തീകരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തൊട്ടാകെ നൂറ് പാലങ്ങൾ പൂർത്തീകരിക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുന്നത്തുനാട് മണ്ഡലത്തിൽ പുനർനിർമിച്ച ഐരാപുരം തട്ടുപാലത്തിന്റെയും മണ്ണൂർ-ഐരാപുരം റോഡിന്റെ പുനർ നിർമാണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ചുവർഷംകൊണ്ട് നൂറു പാലങ്ങൾ നിർമ്മാണം പൂർത്തീകരിക്കുക എന്നത് കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഈ ലക്ഷത്തിന്റെ ആദ്യഘട്ടമായി 2024 ൽ അമ്പത് പാലങ്ങൾ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത് . എന്നാൽ 2023 ആദ്യം തന്നെ അമ്പത് പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഐരാപുരം തട്ടുപാലം സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തീകരിക്കുന്ന 53-ാംമത്തെ പാലമാണെന്നും മന്ത്രി പറഞ്ഞു.

ഒരു നാടിൻ്റെ ചരിത്രം തന്നെ മാറ്റിമറിക്കുന്ന പാലങ്ങൾ പലനിലയിൽ പ്രാധാന്യം അർഹിക്കുന്നതാണ്. പറയുന്നത് നടപ്പിലാക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ ഇവിടുത്തെ ജനങ്ങളാണ്. കരാർ കാലാവധിക്ക് മൂന്നുമാസം മുൻപേ തന്നെ തട്ടുപാലത്തിൻ്റെ നിർമാണം പൂർത്തിയാക്കി. 105 പാലങ്ങളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

അഞ്ചു കോടി രൂപ മുതൽ മുടക്കിൽ ഇന്ത്യയിൽ തന്നെ ഏറ്റവും ഗുണമുള്ള ബി എം ആൻഡ് ബി സി നിലവാരത്തിലാണ് മണ്ണൂർ-ഐരാപുരം റോഡിന്റെ പുനർ നിർമാണം നടത്തുന്നത്. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനത്ത് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ വലിയ പ്രശ്നമാണ്. എന്നാൽ ഈ പ്രശ്നങ്ങളെ തരണം ചെയ്തു കൃത്യമായ തുക നൽകിയാണ് സർക്കാർ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

അരനൂറ്റാണ്ട് മുൻപ് നിർമിച്ച തട്ടുപാലം നാശോന്മുഖമായതിനെ തുടർന്ന് 1.73 കോടി ചിലവിലാണ് തട്ടുപാലം പുനർനിർമിച്ചത്. .
3.9 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് അഞ്ചുകോടി രൂപ ചെലവിട്ടാണ് ആധുനിക നിലവാരത്തിൽ പുനർ നിർമിക്കുന്നത്.
അഡ്വ. പിവി ശ്രീനിജിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ പി റ്റി ജയ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം റ്റി ഷാബു, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സിന്ധു പോൾ, ഗ്രാമപഞ്ചായത്ത് മെമ്പർ വി ജോയിക്കുട്ടി, സി.കെ വർഗീസ് ,ജോർജ് ഇടപ്പരത്തി, വർഗീസ് പാങ്കോടൻ, ബി.ജയകുമാർ, വീരാൻ സി.കെ, മുണ്ടക്കൽ രാധാകൃഷ്ണൻ, കെ.വി എൽദോ, പി.എൻ വിജയൻ,അജിതൻ വി.കെ,പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button