ലുലു ഗ്രൂപ്പിന്‍റെ 248ാം ഹൈപ്പര്‍മാര്‍ക്കറ്റ് ദുബൈ സൗത്തിൽ തുറന്നു
ദുബൈയിലെ ഏറ്റവും വലിയ നഗര പദ്ധതിയായ ദുബൈ സൗത്തിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്


ദുബൈ: ലുലു ഗ്രൂപ്പിന്‍റെ 248ാം ഹൈപ്പര്‍മാര്‍ക്കറ്റ് ദുബൈയില്‍ തുറന്നു. ഏവിയേഷന്‍ സിറ്റി, ലോജിസ്റ്റിക്സ് എന്നിവയില്‍ കേന്ദ്രീകരിക്കുന്ന ദുബൈയിലെ ഏറ്റവും വലിയ നഗര പദ്ധതിയായ ദുബൈ സൗത്തിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്.
ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തില്‍ ദുബൈ ഏവിയേഷന്‍ സിറ്റി കോര്‍പറേഷന്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ ഖലീഫ അല്‍ സഫിഫിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൂപ്പര്‍മാര്‍ക്കറ്റ്, ഫ്രഷ് ഫുഡ്, ഗാര്‍ഹിക ഉല്‍പന്നങ്ങള്‍, ലുലു കണക്‌ട്, ഫാഷന്‍ ഉള്‍പ്പെടെ നൂതന സംവിധാനത്തോടെയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്.
ദുബൈ എമിറേറ്റിലെ ഏറ്റവും വലിയ നഗരപദ്ധതിയായ ദുബൈ സൗത്തില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. ഇതിനായി സൗകര്യം ചെയ്ത ദുബൈ ഭരണാധികാരികള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ലുലുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ദുബൈ സൗത്ത് വക്താവ് അറിയിച്ചു. പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ദുബൈ റെസിഡന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ വിവിധ രാജ്യക്കാരായ ജനസമൂഹത്തിനും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമാകും.
‘ദുബൈ സൗത്ത്’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ദുബൈ വേള്‍ഡ് സെന്‍ട്രല്‍ 145 ചതുരശ്ര കിലോമീറ്ററില്‍ ഉരുത്തിരിഞ്ഞുവരുന്ന നഗര സമുച്ചയമാണ്. സന്തോഷകരവും സര്‍ഗാത്മകവുമായ ജീവിതരീതി അനുവര്‍ത്തിക്കുന്നവരുടെ നഗരമാക്കി ഈ പ്രദേശത്തെ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലമായും ആഗോള സമ്ബദ്‌വ്യവസ്ഥയിലെ സുപ്രധാന കേന്ദ്രമായും ഇവിടം മാറുകയാണ്. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ. സലീം, റീജനല്‍ ഡയറക്ടര്‍ തമ്ബാന്‍ പൊതുവാള്‍ എന്നിവരും സംബന്ധിച്ചു.