വാട്ടർ അതോറിറ്റിയുടെ മീറ്ററുകൾ മോഷണം പോകുന്നു




പെരുമ്പാവൂർ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ മീറ്ററുകൾ മോഷണം പോകുന്നത് പതിവാകുന്നു. വാട്ടർ അതോറിറ്റിയുടെയും, പോലീസ് സ്റ്റേഷന്റെയും, നഗരസഭയുടെയും മൂക്കിനു താഴെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിൽ ഘടിപ്പിച്ചിരിക്കുന്ന വാട്ടർ അതോറിറ്റി മീറ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടാക്കൾ കവർന്നു. ഈ മീറ്ററുകളുടെ ഉൾഭാഗത്തെ പിച്ചള ലോഹം ലഭിക്കുന്നതിന് വേണ്ടിയാണ് മോഷ്ടാക്കൾ ഇത്തരത്തിൽ മീറ്ററുകൾ കവരുന്നതെന്നാണ് സംശയം.
ഒരിടത്തുനിന്ന് മാത്രമായി ഒന്നിലധികം മീറ്ററുകൾ കവർന്നിട്ടുണ്ട്. പ്രദേശത്ത് സിസിടിവി ക്യാമറകൾ ഘടിപ്പിട്ടിട്ടുണ്ടെങ്കിലും ഇതിൽ പതിയാതെയാണ് മോഷ്ടാക്കൾ വന്നിട്ടുള്ളത് എന്ന് സ്ഥാപന ഉടമകൾ പറയുന്നു. രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പോലീസ്, നഗരസഭ എന്നിവരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.