

തിരുവനന്തപുരം : കനകക്കുന്നിൽ ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ മുന്നോടിയായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂൺ ‘ കാണാൻ വൻ ജന പ്രളയം. ‘മ്യൂസിയം ഓഫ് ദ മൂൺ ‘ എന്നത് ചന്ദ്രന്റെ അനവധി ഫോട്ടോകളോട് കൂടിയ പ്രദർശനമാണ്. ഇതിന്റെ പ്രതലത്തിൽ പതിച്ചിരിക്കുന്നത് ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ്. അമേരിക്കയിലെ അസ്ട്രോണമി സയൻസ് സെന്ററിലാണ് ഈ ചിത്രങ്ങൾ തയ്യാറാക്കിയത്. ഭീമാകാരമായ ചാന്ദ്ര മാതൃക തയ്യാറാക്കിയത് ബ്രിട്ടീഷുകാരനായ ലൂക്ക് ജെറംമാണ്.
ചാന്ദ്രമാതൃകയുടെ പ്രദർശനം മന്ത്രി കെ. എൻ. ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.


5 കിലോമീറ്റർ ചന്ദ്രോപരിതലമായിരിക്കും ഈ ചന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത്. മനുഷ്യർക്ക് ഭൂമിയിൽ നിന്നും നോക്കിയാൽ പരന്ന തളിക പോലെ ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാൻ കഴിയൂ. ഗോളാകാരത്തിൽ ചന്ദ്രനെ തൊട്ടടുത്തു കാണാനുള്ള അവസരവും ഇതോടൊപ്പം ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറവും കാണാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.


ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് ഏഴു മീറ്റർ വ്യാസമുള്ള ചാന്ദ്രഗോളം പ്രകാശിക്കുമ്പോൾ. ലൂക്ക് ജെറം ഇത് ഒരുക്കിയത് 20 വർഷത്തോളമുള്ള പരിശ്രമത്തിന് ഒടുവിലാണ്. കനകക്കുന്നിൽ വച്ച് നടന്നത് ഈ ഇൻസ്റ്റലേഷന്റെ കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും പ്രദർശനമാണ്. മൂന്നു നിലകെട്ടിടത്തിന്റെ ഉയരത്തിൽ, 23 അടി വ്യാസമുള്ള ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒറ്റരാത്രിയിൽ പ്രദർശിപ്പിച്ചത് ചന്ദ്രനെ അടുത്തറിയാനാണ്.


പ്രദർശനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ബാഫ്റ്റ് പുരസ്കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതമായിരുന്നു. ഇൻസുലേഷൻ ആർട്ടിസ്റ്റ് ലുക്ക് ജെറം,മേയർ ആര്യ രാജേന്ദ്രൻ, പി.കെ.പ്രശാന്ത് എം.എൽ.എ,മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം. സി. ദത്തൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഓഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. പി. സുധീർ, കെ. എസ്. സി.എസ്.ടി. ഇ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രതീപ് കുമാർ, ഡോ. വൈശാഖൻ തമ്പി, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജി അജിത് കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.



