വിവിധ കര്‍മ്മ പദ്ധതികളുമായി യാക്കോബായ സഭാ മാനേജിംഗ് കമ്മറ്റി


യാക്കോബായ സുറിയാനി സഭയുടെ 2023-28 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത സഭാ മാനേജിംഗ് കമ്മറ്റിയുടെ പ്രഥമയോഗം പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ നടന്നു.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സാന്നിദ്ധ്യത്തിൽ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
പരി.പാത്രിയര്‍ക്കീസ് ബാവായോടും, ശ്രേഷ്ഠ കാതോലിക്ക ബാവായോടും സഭയിലെ തിരുമേനിമാരോടും ഉള്ള വിധേയത്വം പ്രഖ്യാപിച്ചു കൊണ്ടുള്ള ഭക്തി പ്രമേയമാണ് യോഗത്തില്‍ ആദ്യം അവതരിപ്പിച്ചത്.
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മഹാപൗരോഹിത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ശ്രേഷ്ഠ ബാവായുടെ നാമധേയത്തില്‍ ആരംഭിച്ചിട്ടുള്ള ‘ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കോസ് ഫൗണ്ടേഷന്റെ’ പേരില്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം ഏർപ്പെടുത്തും.
മഹാപൗരോഹിത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ചു നല്കുന്ന ഭവനങ്ങളില്‍ പരി. സുന്നഹദോസും പങ്കാളിയാകും. കൂടാതെ ശ്രേഷ്ഠ ബാവായുടെ വകയായും സ്ഥലം വാങ്ങി ഭവനം നിര്‍മ്മിച്ചു നല്‍കും. സഭയിലെ വൈദീകരുടെ ക്ഷേമത്തെ കരുതുന്ന നിരവധി പദ്ധതികള്‍ക്ക് രൂപം നല്കി. ആരോഗ്യ പരിരക്ഷണം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ക്ക് മാനേജിംഗ് കമ്മറ്റി അംഗീകാരം നല്കി.
അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് വൈദീക സംഗമം, വനിതാ-യുവജന സംഗമം, സണ്ടേസ്കൂള്‍ സംഗമം, കുടുംബയൂണിറ്റ്, വി. മദ്ബഹാ ശുശ്രൂഷകരുടെ കൂടിച്ചരല് എന്നിവ നടത്തുവാനും തീരുമാനിച്ചു.
സഭാ തര്‍ക്കങ്ങള്‍ ശാശ്വതമായി പരിഹരിക്കുവാന്‍ ബഹു. കേരള ഗവണ്മെന്റ് അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണമെന്ന് പ്രമേയത്തിലൂടെ ബഹു. ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
സഭാ തര്‍ക്കം പരിഹരിക്കപ്പെടുവാനും സഭയുടെ അനുഗ്രഹീത വളര്‍ച്ചയ്ക്കുമായി മാര്‍ത്തോമ ശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ഡിസംബര്‍ 21-ന് അഖില മലങ്കര പ്രാര്‍ത്ഥനാദിനമായി ആചരിക്കും.
സഭയുടെ നേതൃത്വത്തില്‍ ഭദ്രാസന- ഇടവക തലത്തില്‍ സമൂഹത്തിലെ അവതശതയനുഭവിക്കുന്നവര്ക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും തീരുമാനിച്ചു. തുടര്‍ന്ന് മാര്‍ച്ച് 31 വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ട് സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടി. 2024 ജനുവരിയില്‍ ശ്ലൈഹീക സന്ദര്‍ശനം നടത്തുന്ന പരി. പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശന പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്തു. തുടര്‍ നടപടികള്‍ ആലോചിക്കുവാന്‍ വര്‍ക്കിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തി.
യോഗത്തില്‍ എബ്രഹാം മോര് സേവേറിയോസ്, മാത്യൂസ് മോര് ഈവാനിയോസ്, മാത്യൂസ് മോര് തേവോദോസിയോസ്, പൗലോസ് മോര് ഐറേനിയോസ്, സഖറിയാസ് മോര് പീലക്സിനോസ്, ഏലിയാസ് മോര് അത്താനാസിയോസ്, കുര്യാക്കോസ് മോര് ക്ലിമീസ്, ഐസക്ക് മോര് ഒസ്താത്തിയോസ്, മര്‍ക്കോസ് മോര് ക്രിസോസ്റ്റമോസ്, മാത്യൂസ് മോര് അഫ്രേം, ഗീവര്‍ഗ്ഗീസ് മോര് ബര്‍ണബാസ് എന്നീ മെത്രാപ്പോലീത്തമാരും, വൈദീക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു ചക്കരക്കാട്ട് എന്നിവരും സംബന്ധിച്ചു.