ഒ.ടി.ടി.ക്കാർ കോടികളിറക്കുന്നു; ഇനി വരാനിരിക്കുന്നത് മലയാള വെബ്സീരീസ് കാലം.


കൊച്ചി : ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ മലയാളം സീരിയസുകളുടെ നിർമ്മാണത്തിനായി കോടികളിറക്കും.
കേരളത്തിൽ നിന്നുള്ള വെബ് സീരീസുകളുടെ പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ വർദ്ധിച്ചതോടെയാണ് ഈ തീരുമാനത്തിൽ എത്തിയത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഇതിനായി നീക്കിവെച്ചിരിക്കുന്നത് ഏതാണ്ട് 100 കോടിയിലധികം രൂപയാണ്. അതുകൊണ്ടുതന്നെ മുൻനിര സംവിധായകരും താരങ്ങളും വെബ്സീരീസുകളുടെ പിന്നാലെയാണ് ഇപ്പോൾ.
ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്ട്സ്റ്റാർ,സോണി ലീവ് എന്നിവയെല്ലാം ഇതിനായി വൻതോതിൽ പണം മുടക്കാൻ ആരംഭിച്ചിരുന്നു. മുൻപന്തിയിൽ നിൽക്കുന്നത് ഡിസ്നി ഹോട്ട്സ്റ്റാർ ആണ്. ഇപ്പോൾ തന്നെ ഇവരുടെ രണ്ടു വെബ്സീരീസ് ചെയ്തു കഴിഞ്ഞു, ഉടൻ രണ്ടെണ്ണം കൂടി റിലീസിന് എത്തും. 5 എണ്ണം നിർമ്മാണ ഘട്ടത്തിലുമാണ്. എല്ലാത്തിനും മുൻ നിര താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.
സോണി ലീവ് ഒരെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട് രണ്ടെണ്ണത്തിന് അനുമതിയിട്ടുണ്ട്. നെറ്റ് ഫ്ലിക്സ് മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകനുമായി വെബ്സീരീസ് സംബന്ധിച്ച ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ആമസോൺ പ്രൈമും ആദ്യം മലയാളം വെബ് സീരീസിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ.
ഇന്ത്യയിലെ മറ്റു ഭാഷകളിലും വിദേശ മലയാളികളിലും മലയാളം വെബ്സീരീസ് കാഴ്ചക്കാരുടെ എണ്ണം കൂടുതലാണ് എന്ന കണ്ടെത്തലാണ് ഒ.ടി.ടി ക്കാരെ ആ വഴിക്ക് നയിച്ചത്. അവരുടെ റിസർച്ച് അനലിറ്റിക് കളുടെ പഠനം അനുസരിച്ച് വലിയതോതിൽ പുതിയ വരിക്കാരെ സൃഷ്ടിക്കാനാകും എന്നതാണ് പറയുന്നത്. എന്നാൽ ഹോട്ട് സ്റ്റാറിന്റെ രണ്ടു വെബ്സീരിയസുകളും നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ വാണിജ്യ ലക്ഷ്യം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു.