കോടികളുടെ നിർമാണ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. പെരുവ – പെരുവംമുഴി റോഡ് ഉപരോധിച്ചു
റീ ബിൽഡ് കേരളയിലുൾപ്പെടുത്തി 98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്




പിറവം : കഴിഞ്ഞ ഒന്നര വർഷം മുമ്പ് നിർമാണം ആരംഭിച്ച പെരുവ – പെരുവംമുഴി റോഡിന്റെ നിർമാണം നിലച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു.
മുളക്കുളം പള്ളിപ്പടി മുതൽ പിറവത്തെ പ്രധാന ജംഗ്ഷനുകളിലൊന്നായ ആണ്ടേത്ത് കവല വരെ മൂന്നു കിലോമീറ്റർ ഭാഗം കുത്തിപ്പൊളിച്ച് നാശമാക്കിയിട്ടിരിക്കുകയാണ്. പൊടി ശല്യം മൂലം റോഡ് സൈഡിൽ താമസിക്കുന്ന 200-ഓളം കുടുംബങ്ങൾ ദുരിതത്തിലാണ്.
കഴിഞ്ഞ ഒന്നര വർഷമായി റോഡ് സഞ്ചാര യോഗ്യമല്ലാതാക്കിത്തീർത്ത, ദർശന തീയേറ്റർ മുതൽ മുളക്കുളം പള്ളിപ്പടി വരെ റോഡ് അപകടാവസ്ഥയിലാക്കിയിരിക്കുന്ന, റോഡ് പണി കരാറെടുത്ത Ray- കമ്പനിക്കെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പിറവം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർ നടപടിയായി കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.


പിറവം ഭാഗത്ത് പെരുവംമുഴി – പെരുവ ഹൈവേ റോഡ് നിർമാണം വീണ്ടും നിലച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കുകയാണ്. ഇതേത്തുടർന്നാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
മൂന്നു കിലോമീറ്റർ ദൂരം നിർമാണം ഒന്നര വർഷം പിന്നിടുമ്പോഴും കരാർ കമ്പനിക്ക്, നൂറു മീറ്റർ പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലാത്തത് വിരോധാഭാസമായിരിക്കുകയാണ്.
നെടുമ്പാശേരി – കുമരകം ഹൈവേയുടെ ഭാഗമായുള്ള പെരുവ മുതൽ പെരുവംമുഴി വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനം, റീ ബിൽഡ് കേരളയിലുൾപ്പെടുത്തി 98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.


അണ്ടേത്ത് കവലയിൽ നടന്ന ഉപരോധ സമരത്തിൽ കൗൺസിലർ രമാ വിജയൻ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനം മുൻ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് നിർവഹിച്ചു.
വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ജോയി തുമ്പയിൽ, എം.എൻ. അപ്പുക്കുട്ടൻ, യോഹന്നാൻ ചെമ്മനം, എം. കുര്യാക്കോസ്, റോയി വള്ളവത്താട്ടിൽ, ഷാജു മണ്ടോത്തി പറമ്പിൽ, ഏലിയാസ് മലയിൽ, എം.ടി. പൗലോസ്, തമ്പി പുതുവാക്കുന്നേൽ, ജോമോൻ വർഗീസ്, സുനിത വിമൽ, റെജി കല്ലറയ്ക്കൽ, കുര്യൻ പുളിക്കൽ,, പോൾ കൊമ്പനാൽ, ഷാജി കളരിപ്പറമ്പിൽ, ഏലിയാസ് വെട്ടുകുഴി, എന്നിവർ പ്രസംഗിച്ചു.