പെരുമ്പാവൂർ ബീവറേജസ് ഔട്ട്ലെറ്റിൽ സംഘർഷം. യൂണിയൻ തൊഴിലാളികൾക്ക് കുത്തേറ്റു




പെരുമ്പാവൂർ ബീവറേജസ് ഔട്ട്ലെറ്റിൽ ഉണ്ടായ സംഘർഷത്തിൽ മദ്യം ലോഡ് ഇറക്കി കൊണ്ടിരുന്ന യൂണിയൻ തൊഴിലാളികൾക്ക് അക്രമിയുടെ കത്തിയുപയോഗിച്ചുള്ള പരാക്രമത്തിൽ പരിക്കേറ്റു.
അല്ലപ്ര സ്വദേശിയായ ഷിയാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . ഇന്ന് വൈകിട്ട് 6 നായിരുന്നു സംഭവം. മുൻ വൈരാഗ്യം മൂലം യൂണിയൻ തൊഴിലാളി സുനീറിനെ ആക്രമിക്കാൻ പ്രതി കത്തിയുമായി എത്തുകയായിരുന്നു.
സുനീറിന്റെ ചെവിയുടെ പിൻഭാഗത്ത് മുറിവേറ്റു. ഇത് തടയാൻ ശ്രമിച്ച തൊഴിലാളികളായ റിയാസ് സാദിഖ് എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രതിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായും ഇയാൾ ഓടി രക്ഷപ്പെട്ടതായും യൂണിയൻ തൊഴിലാളികൾ പറഞ്ഞു.
നേരത്തെ പൊതുസ്ഥലത്ത് മദ്യപിക്കുന്നതും ആയി ബന്ധപ്പെട്ട് യൂണിയൻ തൊഴിലാളി സുനീർ ചോദ്യം ചെയ്തതിലെ വിരോധമാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണം എന്നും പറയുന്നു. സംഭവത്തിന് മണിക്കൂറുകൾ മുൻപ് കൈയിൽ കത്തിയുമായി കുറച്ചധികം സമയം പ്രതി ബിവറേജസിന്റെ വരാന്തയിലൂടെ നടന്നിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.

