





പഴന്തോട്ടത്ത് കരാർ നിർമ്മാണജോലികൾക്കിയിടിൽ ഐക്കരനാട് പഞ്ചായത്തിലെ ഓവർസീയറുൾപ്പെടെ എട്ട് പേർ കടന്നൽ കുത്തേറ്റ് ആശുപത്രിയിൽ. ഐക്കരനാട് പഞ്ചായത്തിലെ ഓവർസീയർ റഷീദ, കരാറുകാരൻ വിജയൻ എന്നിവരുൾപ്പെടെ ആറ് അതിഥിതൊഴിലാളികൾക്കും കടന്നലിന്റെ കുത്തേറ്റു. ഇന്ന് രാവിലെ 10.30 ഓടുകൂടിയാണ് സംഭവം.കുഴിക്കാട്ട്മോളം-തടമ്പാട് റോഡ് സൈഡ് കോൺക്രീറ്റ് ചെയ്യുന്നതിനിടയിലാണ് പരിക്കേറ്റത്.
പണികൾക്കിടിയിൽ കൂട്ടമായി എത്തിയ കടന്നലുകൾ ഇവരെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട ഉടനെ ഇവർ അടുത്ത വീടുകളിലേയ്ക്ക് പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരുടെ കഴുത്തിനും, മുഖത്തിലും, കാലിലും ഒന്നിലധികം കുത്തുകളേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.ആറ് മണിക്കുറോളം നിരീക്ഷണത്തിലിരിക്കണമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്.
സമീപപ്രദേശങ്ങളിലെ മരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ മുറിച്ചുമാറ്റിയിരുന്നു. ഇതിനുശേഷം ഇളകിയ കടന്നൽകൂട്ടമാകാം ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കടന്നൽ ഇളകിയ പ്രദേശത്ത് പഞ്ചായത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

