

അമ്പലപ്പുഴ : “കർത്താവെ എന്നെ കൊല്ലുന്നേ “യെന്ന് സെബാസ്റ്റ്യൻ ഉറക്കെ നിലവിളിച്ചിട്ടും സ്വന്തം മകന്റെ മനസ്സലിഞ്ഞില്ല.


അച്ഛനെ മകൻ വക്കാറുകൊണ്ട് പല തവണ അടിച്ചു. നിലത്തു വീണു കിടന്ന അച്ഛനെ വീണ്ടും പലതവണ ചവിട്ടി. അച്ഛന്റെ വാരിയെല്ലൂഭാഗത്തു കാലുകൊണ്ട് ചവിട്ടി. ഈ രീതിയിൽ എല്ലാം ദേഹോപദ്രവം ഏല്പിച്ച ശേഷം സെബിൻ അടുക്കളയുടെ വാതിലിന്റെ പടിയിൽ പോയിരുന്നു. പിന്നീട് വന്നു നോക്കിയപ്പോൾ അച്ഛൻ ചോര ഛർദിച്ചു കിടക്കുകയായിരുന്നു.


വൈകുന്നേരം സഹോദരൻ അഖിൽ തിരിച്ചു വരുന്നത് വരെ സെബിൻ വാതിൽ പടിയിൽ തന്നെ ഇരിക്കുകയായിരുന്നു. അഖിൽ വൈകിട്ട് ആറേമുക്കാലോടെയാണ് തിരിച്ചെത്തിയത്. ചൊവ്വാഴ്ച രാവിലെ അഖിൽ ഒൻപതുമണിക്കാണ് ജോലിക്ക് പോയത്. ആ സമയത്ത് സെബിൻ വീട്ടിലുണ്ടായിരുന്നു.
രാവിലെ പതിനൊന്നു മണിയോടെയാണ് സെബാസ്റ്റ്യൻ ഉണർന്നത്. അതിനിടയിൽ സെബിൻ കൂട്ടുകാർക്ക് ഒപ്പം പുറത്തുപോയി മദ്യപിച്ചു ഉച്ചയോടെ തിരിച്ചെത്തി. സെബാസ്റ്റ്യനെ പിടിച്ചു കസേരയിൽ ഇരുത്തി ചോറുകൊടുത്ത ശേഷം വീണ്ടും പുറത്തേക്ക് പോകുകയാണുണ്ടായത്. തിരിച്ചു വന്നപ്പോഴും അച്ഛൻ അവിടെ തന്നെ ഇരിക്കുന്നത് കണ്ടു. ചോറ് പാത്രം താഴെ വച്ചിട്ടുണ്ടായിരുന്നു. കുറച്ചു ചോറ് താഴെ വീണിട്ടും ഉണ്ടായിരുന്നു. പിടിച്ചു കട്ടിലിൽ ഇരുത്തിയ ശേഷം സെബിൻ അടുക്കളയിൽ പോയി വന്നപ്പോഴേക്കും അച്ഛൻ കട്ടിലിൽ മൂത്രം ഒഴിച്ചിട്ടുണ്ടായിരുന്നു. കട്ടിലിൽ നിന്നും വീണ സെബാസ്റ്റ്യനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ വാക്കാർ എടുത്തു തനിയെ എഴുന്നേൽക്കാൻ അദ്ദേഹം ശ്രമിച്ചു. വീഴ്ചയെ തുടർന്ന് ഒരുമാസമായി വാക്കാർ ഉപയോഗിക്കുന്നുണ്ടായില്ല.ഇതേ തുടർന്നുണ്ടായ ദേഷ്യത്തിൽ വാക്കാർ ഉപയോഗിച്ച് അച്ഛനെ ഉപദ്രവിക്കുകയാണ് ഉണ്ടായത്.


എന്നാൽ കസ്റ്റഡിയിൽ എടുത്ത പ്രതിയെ വളരെ അധികം സമയം ചോദ്യം ചെയ്തെങ്കിലും അയാൾ കുറ്റസമ്മതം നടത്തിയില്ല. ഇയാളുടെ മൊഴി ഇങ്ങനെയായിരുന്നു, അച്ഛന് ഉച്ചക്ക് ചോറുകൊടുത്ത ശേഷം കള്ളുഷാപ്പിലേക്ക് പോയെന്നതായിരുന്നു. കൂടാതെ കള്ളു ഷാപ്പിൽ ഉണ്ടായിരുന്നവരുടെ പേരും ഇയാൾ പറഞ്ഞു. ഇത് വിശ്വാസത്തിൽ എടുക്കാതെ പോലീസ് പ്രതിയുമായി കള്ളുഷാപ്പിൽ എത്തുകയായിരുന്നു.അന്യോഷണത്തിൽ അന്നേ ദിവസം പ്രതി കള്ളു ഷാപ്പിൽ എത്തിയിരുന്നില്ല എന്നും പേര് പറഞ്ഞ ആളുകളെ ഒന്നുംതന്നെ ഇയാൾ കണ്ടിട്ടില്ല എന്നും പോലീസിന് ബോധ്യപെട്ടു.


ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവിൽ സെബിൻ കുറ്റസമ്മതം നടത്തി. ആലപ്പുഴ ഗവ. ടി. ഡി മെഡിക്കൽ കോളേജ് ഫോറെൻസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പോലീസ് സർജനുമായ ഡോ. ഹരീഷാണ് പോസ്റ്റ്മോർട്ടം നടത്തി നിർണായക വിവരങ്ങൾ പോലീസിന് നൽകിയത്.