KERALA

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയെത്തി

താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന പരപ്പനങ്ങാടി പുത്തന്‍കടപ്പുറം മദ്രസയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി.

മന്ത്രിമാരായ കെ. രാജന്‍, വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മരിച്ചവരുടെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി അന്തിമോപചാരമര്‍പ്പിക്കും. നിരവധി പേരാണ് അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യമോപചാരമര്‍പ്പിക്കാന്‍ മദ്രസയിലേക്ക് ഒഴുകിയെത്തുന്നത്.

ഇന്ന് രാവിലെ പത്തരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് എത്തിയത്. തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ മരിച്ച എട്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. ഇവിടെ അല്‍പസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി പരപ്പനങ്ങാടിയിലേക്ക് എത്തിയത്. മന്ത്രി വി അബ്ദുറഹിമാന്റെ ക്യാംപില്‍ ഉച്ചയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
പരുക്കേറ്റ പത്തുപേര്‍ താനൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ഒന്‍പത് പേര്‍ അപകടനില തരണം ചെയ്തു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button