ഊർജ്ജസംരക്ഷണ ക്യാമ്പയിനുമായി വീടുകൾ സന്ദർശിച്ച് എസ്.പി.സി. കേഡറ്റുകൾ




ഊർജ്ജം സംരക്ഷിക്കുക,പാഴാക്കരുത്, ആവശ്യത്തിനുമാത്രം വൈദ്യുതി ഉപയോഗിക്കുക, ഉപയോഗശേഷം വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്യുക,സാധാരണ ബൾബുകൾക്കും ട്യൂബുകൾക്കും പകരം എൽ.ഇ.ഡി. ബൾബുകളും ട്യൂബുകളും ഉപയോഗിക്കുക തുടങ്ങിയ സന്ദേശവുമായി എസ്പിസി കേഡറ്റുകൾ വീടുകൾ സന്ദർശിച്ചു.വെണ്ണിക്കുളം സെന്റ് ജോർജ്ജസ് എച്ച്.എസ്.എസ്. ലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഊർജ്ജ സംരക്ഷണ ക്യാമ്പയിനുമായി ഭവന സന്ദർശനം നടത്തിയത്. എസ്.പി.സി.യുടെ സമ്മർ വെക്കേഷൻ ക്യാമ്പുമായി ബന്ധപ്പെട്ടാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കേഡറ്റുകൾ വിവിധ സംഘങ്ങളായി തിരിഞ്ഞ് വെണ്ണിക്കുളം, മുരിയമംഗലം, കോക്കാപ്പിള്ളി പ്രദേശങ്ങളിലെ 100 വീടുകൾ സന്ദർശിച്ചാണ് ബോധവൽക്കരണ പ്രവർത്തനം നടത്തിയത്.


സാധാരണ ഫാനുകൾക്കുപകരം എനർജി സേവിംഗ് ഫാനുകൾ ഉപയോഗിക്കുക. വൈകിട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയങ്ങളിൽ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ , മോട്ടോർ, ഐയൺ ബോക്സ് തുടങ്ങിയവയുടെ ഉപയോഗം കുറക്കുക.സോളാർ പാനൽ, സോളാർ ഉപകരണങ്ങൾ എന്നിവ കൂടുതൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക, അത് കൂടുതൽ പ്രോത്സാ ഹിപ്പിക്കുക, പകൽ സമയങ്ങൾ ലൈറ്റിന്റെ ഉപയോഗം കുറയ്ക്കുക, വീടിനു ചുറ്റും മരങ്ങൾ വച്ചുപിടിപ്പിക്കുക. എന്നീ നിർദ്ദേശങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി കേഡറ്റുകൾ ഭവനങ്ങളിൽ നൽകിയത്. ഈ നിർദ്ദേശങ്ങൾ അടങ്ങിയ അച്ചടിച്ച ലഘു നോട്ടീസും വീടുകളിൽ വിതരണം ചെയ്തു.


കൂടാതെ മീറ്റർ റീഡിംഗും വൈദ്യുതി ഉപയോഗവും വൈദ്യുതി ചാർജും രേഖപ്പെടുത്തി വെക്കുന്ന വൈദ്യുതി ഉപഭോഗ ചാർട്ടും വീടുകളിൽ പരിചയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ അന്വേഷിക്കുന്നതിനും വീട്ടുകാരെ പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടി ഓരോ കേഡറ്റുകളും 3 വീടുകളുടെ ചുമതല ഏറ്റെടുത്തു.

