പ്രൈമറി ഹെഡ്മാസ്റ്റർമാർ പട്ടിണി സമരത്തിലേക്ക് – കെ.ജി.പി.എസ്.എച്ച്.എ


സർക്കാർ പ്രൈമറി ഹെഡ്മാസ്റ്റർമാർ പ്രഥമാധ്യാപക തസ്തികയിൽ വന്നിട്ട് ഒന്നര വർഷത്തിലധികമായിട്ടും അർഹമായ ശമ്പള സ്കെയിൽ അനുവദിക്കാതെ വിവേചനം തുടരുന്ന സർക്കാർ നിലപാടുകൾക്കെതിരെയും, ഉച്ചഭക്ഷണ തുക വർധിപ്പിക്കാതെയും 4 മാസമായി ഉച്ചഭക്ഷണ തുക ലഭ്യമാക്കാതെയും പ്രൈമറി പ്രധാനാധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതിനെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷന്റെ (കെ.ജി.പി.എച്ച്.എസ്.എ) ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പ്രഥമാധ്യാപകർ സ്കൂൾ തലങ്ങളിൽ2023 മാർച്ച് 21 ന് (ചൊവ്വ) ഔദ്യോഗിക ജോലികൾ നിർവഹിച്ച് കൊണ്ട് തന്നെ പട്ടിണി ദിനം ആചരിക്കും . പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ട് വന്നെങ്കിലും അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹെഡ്മാസ്റ്റർമാർ പട്ടിണി സമരത്തിലേക്ക് നീങ്ങുന്നത്.
പ്രഥമാധ്യാപക യോഗ്യത സംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ കേസിന്റെ അന്തിമവിധി വന്നതിനു ശേഷം മാത്രമേ ശമ്പള സ്കെയിൽ അനുവദിക്കാൻ കഴിയുകയുള്ളൂ എന്നാണ് സർക്കാർ നിലപാട്. എന്നാൽ, കോടതി വിധി എതിരായത് മൂലം ഏതെങ്കിലും പ്രഥമാധ്യാപകരുടെ സ്ഥാനകയറ്റം റദ്ദാകുന്ന അവസ്ഥ വന്നാൽ അവർ അധികമായി കൈപ്പറ്റിയ തുക ഈടാക്കാൻ നിലവിൽ വ്യവസ്ഥകൾ ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അർഹമായ ശമ്പള സ്കെയിൽ ലഭിക്കാതെ ധാരാളം പ്രഥമാധ്യാപകർ കഴിഞ്ഞവർഷം സർവീസിൽ നിന്ന് വിരമിച്ചു. ഈ വർഷവും നൂറ് കണക്കിന് പേർ വിരമിക്കാൻ പോകുന്നു. ഇവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.എയ്ഡഡ് സ്കൂളിൽ പുതുതായി ചാർജെടുത്ത പ്രധാനാധ്യാപകർക്ക് ശമ്പള സ്കെയിലും ആനുകൂല്യങ്ങളും നൽകിയ സർക്കാർ പി.എസ്. സി വഴി ജോലിയിൽ കയറിയ സർക്കാർ മേഖലയിലുള്ളവരോടാണ് ഈ ചിറ്റമ്മ നയം തുടരുന്നത് തികഞ്ഞ അനീതിയാണെന്ന് സംഘടന ആരോപിച്ചു.
2016 മുതൽ ഒരു കുട്ടിക്ക് ഉച്ചഭക്ഷണം നൽകുവാൻ നൽകുന്ന 8 രൂപ 7 വർഷമായിട്ടും വർധിപ്പിക്കാതെ ഈ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. 2022 നവംബർ മുതൽ 5 മാസമായി ഉച്ചഭക്ഷണ വിതരണത്തിൻ്റെ ചെലവ് തുക നൽകാതെ പ്രഥമാധ്യാപകരനെ കടക്കെണിയിലക്ക് തളളിവിടാതെ കുടിശ്ശിക തുക നൽകുവാനും സർക്കാരിനോട് ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരിൻ്റെ ന്യൂട്രീഷൻ പദ്ധതിയായ പാലും മുട്ടയും വിതരണം ചെയ്യുന്നതിനായി അവയുടെ മാർക്കറ്റ് വില ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു.


സമരം വിജയിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ സബ് ജില്ലകളിലും പ്രഖ്യാപന കൺവെൻഷൻ നടത്തും. കെ.ജി.പി.എസ്.എച്ച്. എ സംസ്ഥാന പ്രസിഡണ്ട് കെ വി യെൽദോയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പട്ടിണി ദിനചാരണത്തിന് അന്തിമ രൂപം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ ടി കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വി നാരായണൻ, ഷൈൻ എസ് എസ്, മുഹമ്മദ് സാലിം കെ, ബിജു തോമസ്, സിബി അഗസ്റ്റിൻ, സുരേഷ് കുമാർ, കെ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു