ജലജീവൻ പൈപ്പ് ലൈൻ സ്ഥാപിച്ച കുഴിയിൽ സ്ക്കൂൾ കുട്ടികളുമായി പോയ വാഹനം വീണു .അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കടയിരുപ്പ് അതിയിറമ്പ് റോഡിൽ പാപ്പാരിൽ പീടികയ്ക്ക് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ റോഡിൽ നിന്നിറങ്ങിയ ട്രാവലറാണ് പൈപ്പ്ലൈൻ കുഴിയിൽ വീണത്.




കോലഞ്ചേരി: ജലജീവൻ പദ്ധതിയക്ക് വേണ്ടി പൈപ്പ് സ്ഥാപിച്ച കുഴിയിൽ സ്കൂൾ കുട്ടികളുമായി പോയ വാഹനം വീണു.കടയിരുപ്പ് അതിയിറമ്പ് റോഡിൽ പാപ്പാരിൽ പീടികയ്ക്ക് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ റോഡിൽ നിന്നിറങ്ങിയ ട്രാവലറാണ് പൈപ്പ്ലൈൻ കുഴിയിൽ വീണത്. തിങ്കളാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. വാഹനത്തിന്റെ ഒരു വശത്തെ ടയർ മണ്ണിലേയ്ക്ക് താഴ്ന്നതിനെ തുടർന്ന് ചെരിഞ്ഞ് നിൽക്കുകയായിരുന്നു.സംഭവ സമയത്ത് വാഹനത്തിലെ ആയ അടക്കം പതിനഞ്ചോളം കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികളെ ഏറെ പ്രയാസപ്പെട്ടാണ് വാഹനത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. തുടർന്ന് ക്രെയിൻ എത്തിയാണ് വാഹനം ഉയർത്തിയത്. കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ കോൺട്രാക്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ജലജീവൻ പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ തികച്ചും അനാസ്ഥയാണെന്നും ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബിഎംബിസി റോഡ് തകർന്നതായും ചൂണ്ടിക്കാട്ടി രണ്ടാഴ്ച്ചയിലധികമായി നാട്ടുകാർ പ്രതിഷേധത്തിലാണ്. പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ച ഭാഗത്ത് മഴപെയ്തപ്പോൾ മണ്ണ് ഇരുന്ന് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം. ശരിയായ രീതിയിൽ റോഡിന്റെ വശങ്ങൾ ബലപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടപ്പോൾ,ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടകാരണമെന്ന വിചിത്രമറുപടിയാണ് വർക്ക് ഏറ്റെടുത്തിരിക്കുന്ന കോൺട്രാക്ടർ നൽകിയത്.ഇതോടെ നാട്ടുകാർ ശക്തമായി പ്രതികരിക്കുകയും അപകടകരമായ സ്ഥിതി തുടർന്ന്പോയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

