ജോയലിനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും




മൂവാറ്റുപുഴയാറിൽ തമ്മാനിമറ്റം തൂക്ക് പാലത്തിന് സമീപം പുഴയിൽ ഇറങ്ങി കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. മൂന്ന് മണിക്കൂറോളം പുഴയിൽ സ്കൂബാ ടീം പരിശോധനനടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും ഇരുട്ടും തിരച്ചിലിനെ ബാധിച്ചു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം. പൂതൃക്ക പരിയാരത്ത് താമസിക്കുന്ന ഞാറള്ളൂർ പാണ്ടിയാപ്പിളളി ജോയൽ സണ്ണിയെ (22) ആണ് കാണാതായത്. കുടുംബ ബന്ധുക്കൾക്കൊപ്പം എത്തിയ ജോയൽ പെട്ടെന്ന് പുഴയിലേയ്ക്ക് ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. ജോയലിനെ രക്ഷിയ്ക്കാനിറങ്ങിയ മറ്റൊരാൾ ഒഴുക്കിൽ പെട്ടെങ്കിലും നാട്ടുകാർ കരയ്ക്ക് എത്തിച്ചു. എന്നാൽ ജോയലിനെ കൈയ്യിൽ കിട്ടിയതാണെങ്കിലും പുഴയുടെ അടിത്തട്ടിലേയ്ക്ക് താഴ്ന്ന് പോവുകയായിരുന്നു. മുവാറ്റുപുഴയിൽ നിന്നും 4 പേരടങ്ങുന്ന സ്കൂബാ ടീമാണ് വെള്ളത്തിൽ പരിശോധന നടത്തിയത്.
ഏറെ അപകടം പിടിച്ച മേഖലയാണ് തമ്മാനിമറ്റം കടവ് . പുറമേനിന്ന് നോക്കിയാൽ ഉപരിതലം ശാന്തമാണെങ്കിലും അടിത്തട്ട് ഭീകരമായ പാറ ചുഴികളാൽ നിറഞ്ഞതാണ്. ഇതിനുള്ളിൽ കുടുങ്ങിയാൽ പുറത്തെത്തിക്കുക ശ്രമകരമാണെന്ന് നാട്ടുകാർ പറയുന്നു. അവധി ദിവസങ്ങളിൽ നിരവധി പേരാണ് പുഴയിൽ കുളിക്കാനായി എത്തുന്നത്. ദൂരദേശത്തുള്ളവർക്ക് പുഴയെ അറിയില്ലെന്നും, നാട്ടുകാർ മുന്നറിയിപ്പ് നൽകിയാലും ഇവർ പുഴ കുറുകെ നീന്തുവാൻ ശ്രമിക്കാറാണ് പതിവെന്നും നാട്ടുകാർ പറയുന്നു.



